കൊല്ലം: നഗരസഭാ ആസ്ഥാന മന്ദിരം മുതൽ ബൈപ്പാസിന്റെ പകുതിയും ഉൾക്കൊള്ളുന്ന മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ എം. നൗഷാദിനെ ഒരിക്കൽക്കൂടി നിയമസഭയിൽ എത്തിച്ചവരാണ് ഇരവിപുരത്തുകാർ. പുലിമുട്ടിനും റെയിൽവേ മേൽപ്പാലത്തിനും പുറമെ വളർച്ചയുടെ പാതയിലുള്ള കൊട്ടിയവും പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് തങ്ങളുടെ സാമാജികനെ.
മഹാനഗരമാകാൻ കുതിക്കുന്ന കൊല്ലത്തിന്റെ ഭാഗം കൂടിയായ ഇരവിപുരത്തിന്റെ വികസന പ്രതീക്ഷകൾ വിരലിലെണ്ണാവുന്നവയല്ല. കടലാക്രമണവും റെയിൽവേ ഗേറ്റുകളിൽ കുടുങ്ങുന്ന ജീവിതവും മണ്ഡലത്തിലെ കാതലായതും ഉടനടി പരിഹാരം കാണേണ്ടതുമായ വിഷയങ്ങളാണ്. പുലിമുട്ട് നിർമ്മാണവും കാവൽപ്പുര റെയിൽവേ മേൽപ്പാലവും നിർമ്മാണത്തിന്റെ ശൈശവദശയിലാണ്. ഇവയുടെ പൂർത്തീകരണത്തോടെ ഇരവിപുരത്തിന്റെ മുഖച്ഛായ മാറുമെന്നതിൽ സംശയമില്ല.
പുലിമുട്ട് നിർമ്മാണം
ഇരവിപുരം താന്നി മുതൽ കാക്കത്തോപ്പ്, കൊല്ലം ബീച്ച് വരെയുള്ള തീരദേശം കടലെടുക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ശാശ്വതമായ പരിഹാരം ഇതുവരെയായിട്ടില്ലെങ്കിലും പുലിമുട്ടുകളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. പാറകൾ കൊണ്ടുള്ള പുലിമുട്ടുകൾക്ക് പകരം പലയിടത്തും പരീക്ഷിച്ച് വിജയിച്ച ട്രൈപോഡുകൾ ഉപയോഗിക്കുകയും ശാസ്ത്രീയമായ നിർമ്മാണത്തിലൂടെ തീരദേശ മേഖല സംരക്ഷിക്കുകയും വേണം. നിർദ്ധിഷ്ട തീരദേശപാത ഇതുവഴിയാണെന്നത് കൂടി കണക്കിലെടുത്തുള്ള വികസനമാണ് ആവശ്യം.
റെയിൽവേ ഗേറ്റുകളിൽ
കുടുങ്ങുന്ന ജീവിതം
നഗരത്തിലെ ഏറ്റവും തിരക്കേറിയ റെയിൽവേ ഗേറ്റുകളാണ് ഇരവിപുരത്തുള്ളത്. മയ്യനാട് കൂട്ടിക്കട, ഇരവിപുരം കാവൽപ്പുര എന്നിവിടങ്ങളിൽ മേൽപ്പാലം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എം.എൽ.എ ഇക്കാര്യത്തിൽ ശക്തമായ ഇടപെടൽ നടത്തണമെന്നാണ് ഇവിടത്തുകാരുടെ ആവശ്യം. കാവൽപ്പുര മേൽപ്പാലത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും കൂട്ടിക്കട ഭാഗത്തുള്ളതിന് പരിഗണന ലഭിച്ചിട്ടില്ല.
അവഗണിക്കരുത് കൊട്ടിയത്തെ
തലങ്ങും വിലങ്ങും നിറുത്തി ബസുകൾ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ജംഗ്‌ഷൻ. ദീർഘദൂര യാത്രയ്ക്കുള്ള വാഹനങ്ങൾ നിറുത്തുന്നയിടം. അതിലുപരി നഗരത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്‌ഷനും. പക്ഷേ, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിലാണ് കൊട്ടിയം. അടിസ്ഥാന, പശ്ചാത്തല സൗകര്യങ്ങൾ അടക്കമുള്ള വികസനങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് കൊട്ടിയം ജംഗ്‌ഷൻ. ദീർഘവീക്ഷണത്തോടെയുള്ള ആശയങ്ങൾ മികച്ച ആസൂത്രണത്തോടെ നടപ്പിലായാൽ കൊല്ലം നഗരത്തോളം വളർച്ചയെത്തും കൊട്ടിയത്ത്.
പ്രതീക്ഷയോടെ അയത്തിൽ ജംഗ്‌ഷൻ
കൊല്ലം ബൈപ്പാസ് കടന്നുപോകുന്ന മണ്ഡലത്തിലെ പ്രധാന കവലകളിലൊന്നാണ് അയത്തിൽ. സംസ്ഥാന സർക്കാർ പദ്ധതിയായ അതിവേഗ റെയിൽപ്പാതയുടെ സാദ്ധ്യതയും ഭാവിവികസനവും കണക്കിലെടുത്ത് അയത്തിൽ ജംഗ്‌ഷൻ വികസനം നടപ്പിലാകണം.
ജനപക്ഷ ആവശ്യങ്ങൾ
1. ചെമ്മാൻമുക്ക് - അയത്തിൽ റോഡ് വികസനം
2. തീരദേശ മേഖലയിൽ പുലിമുട്ട് നിർമ്മാണം
3. മയ്യനാട്, കാവൽപ്പുര റെയിൽവേ മേൽപ്പാലങ്ങൾ
4. കൊല്ലം തോട്ടിലൂടെയുള്ള ജലഗതാഗതം
5. പള്ളിമുക്ക് ജംഗ്‌ഷൻ വികസനം
6. കൊല്ലം തോടിന് കുറുകെ ഇരവിപുരം, മുണ്ടയ്ക്കൽ പാലം വികസനം
7. കൊട്ടിയം ജംഗ്‌ഷനിൽ ബസ്, ടാക്സി ടെർമ്മിനൽ
8. സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ വികസനം
9. താന്നി, മുക്കം ടൂറിസം വികസനം
10. ഇരവിപുരം ബസ് സ്റ്റാൻഡ്