parakkulam
കല്ലുവാതുക്കൽ പാറക്കുളം ആഫ്രിക്കൻ പായൽ നിറഞ്ഞ നിലയിൽ

ചാത്തന്നൂർ: ദേശീയപാതയോരത്ത് പത്തരയേക്കറിലേറെ സ്ഥലം, ആറരയേക്കറോളം ഭാഗത്ത് പാറപൊട്ടിച്ചുണ്ടായ തടാകം. സർഗാത്മകതയോടെ ഉപയോഗിച്ചാൽ ചടയമംഗലം ജഡാഡുപ്പാറയ്ക്ക് സമാനമായ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിയെടുക്കാൻ കഴിയുന്ന ഇടമാണ് കല്ലുവാതുക്കൽ പാറക്കുളം.

കേരളത്തിൽ തന്നെ ദേശീയപാതയോരത്ത് ലഭ്യമായ ഏറ്റവും വിശാലവും ആകർഷകവുമായ ഭൂമിയാണ് പാറക്കുളവും അനുബന്ധ പ്രദേശവും. വരാൻ പോകുന്ന ആറുവരി ദേശീയപാതയുടെ ഉയരത്തിൽ നിന്നുള്ള മനോഹരമായ കാഴ്ച സമ്മാനിക്കാൻ കഴിയുന്ന മേഖലയാണ് ഇവിടം. ദീർഘദൂര യാത്രികർക്ക് വിശ്രമസങ്കേതവും ഒരുക്കാനാകും.

പഞ്ചായത്തിന്റെ തനത് പദ്ധതിയായോ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെയോ പൊതു - സ്വകാര്യ ഉടമസ്ഥതയിലോ നടപ്പിലാക്കാവുന്നതാണ് കല്ലുവാതുക്കൽ പാറക്കുളം ടൂറിസം പദ്ധതി. വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്ത് തലത്തിൽ പദ്ധതിക്ക് ആലോചനയുണ്ടായെങ്കിലും വിവിധ കാരണങ്ങളാൽ മുടങ്ങുകയായിരുന്നു.

ആലോചനയുടെ തുടക്കം 12 കൊല്ലം മുമ്പ്

ഒരു വ്യാഴവട്ടം മുമ്പാണ് കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പാറക്കുളം കേന്ദ്രീകരിച്ച് ടൂറിസം പദ്ധതിയുമായി മുന്നോട്ടുവരുന്നത്. സമീപത്തെ നക്ഷത്ര ഹോട്ടൽ ഉടമകൾ ബിസിനസ് വിപുലമാക്കുന്നതിനായി തയ്യാറാക്കി സമർപ്പിച്ച പദ്ധതി സ്വന്തംനിലയ്ക്ക് നടപ്പിലാക്കാൻ പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു. വിശാലമായ കുളത്തിൽ പെഡൽ ബോട്ടിംഗ്, റോപ്പ് വേ, ഫ്ലോട്ടിംഗ് കഫെറ്റേരിയ, കുട്ടികളുടെ പാർക്ക്, പൂന്തോട്ടങ്ങൾ, വ്യാപാര സമുച്ചയം എന്നിവയായിരുന്നു പദ്ധതിയിൽ ഉണ്ടായിരുന്നത്. ഏകദേശം 3.5 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ്. ഇന്നാണെങ്കിൽ 21 കോടിയോളം രൂപ ചെലവാകും.

പ്രതിബന്ധമായത് പുനരധിവാസം

ആദ്യഘട്ടത്തിലെ പ്രധാന പ്രതിസന്ധി പാറ പുറമ്പോക്കിലെ താമസക്കാരായ അൻപതിലേറെ കുടുംബങ്ങളുടെ പുനരധിവാസമായിരുന്നു. മിക്കവർക്കും പഞ്ചായത്ത് ഭവന പദ്ധതിയിൽപ്പെടുത്തി വീട് വച്ചുനൽകിയെങ്കിലും ഭരണസമിതിയിലെ രാഷ്ട്രീയ ഗ്രൂപ്പ് കളിയിൽപ്പെട്ട് പദ്ധതി എങ്ങുമെത്താതെ പോയി. ഈ ഭാഗത്ത് നിലവിലുള്ള വീടുകളിൽ പലതും ഇന്ന് നാശത്തിന്റെ വക്കിലാണ്. പഞ്ചായത്തിൽ നിന്ന് മറ്റൊരു സ്ഥലവും വീടും നൽകിയാൽ സ്ഥലം വിട്ടുനൽകാൻ തയ്യാറാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.

വില്ല പദ്ധതി പരിഗണനയിൽ

പാറക്കുളം ടൂറിസം പദ്ധതിക്ക് വേണ്ടി ഒഴിപ്പിക്കേണ്ടി വരുന്നവർക്കായി ആധുനിക രീതിയിലുള്ള വില്ലകൾ നിർമ്മിക്കുന്നത് പരിഗണനയിലാണ്. കല്ലുവാതുക്കൽ മുഖം മിനുക്കുമ്പോൾ അതിനുവേണ്ടി ത്യാഗം സഹിക്കുന്നവർക്ക് മികച്ച ജീവിത സൗകര്യങ്ങളാകും പകരം നൽകുക. പദ്ധതിയുടെ തൊഴിലവസരങ്ങളിൽ തദ്ദേശവാസികൾക്ക് മുൻഗണനയും നൽകും.

എസ്. സുദീപ, പ്രസിഡന്റ്, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്

എസ്. സത്യപാലൻ, വൈസ് പ്രസിഡന്റ്