കൊല്ലം: ടൗക്‌തേ ചുഴലിക്കാറ്റിനെ തുടർന്ന് ഇരവിപുരത്ത് രൂക്ഷമായ കടൽക്ഷോഭമുണ്ടായിട്ടും തീരദേശ റോഡിന് കാര്യമായ നാശമുണ്ടാകാത്തത് കൊല്ലം തോട്ടിലെ മണൽ നിക്ഷേപിച്ചത് കൊണ്ടെന്ന് വിലയിരുത്തൽ.
സാധാരണ കടലാക്രമണം രൂക്ഷമാകുന്നതോടെ തീരദേശ റോഡ് അപ്പാടെ തകരുന്നതാണ് പതിവ്. എന്നാൽ ഇത്തവണ കാക്കത്തോപ്പിൽ ഭാഗത്ത് മാത്രമാണ് റോഡിന് ചെറിയ വിള്ളലുണ്ടായത്. മുക്കത്ത് ശക്തമായ വേലിയേറ്റത്തിൽ പൊഴിക്ക് കുറുകെയുള്ള റോഡ് മുറിഞ്ഞതൊഴിച്ചാൽ കാര്യമായ ഗതാഗതപ്രശ്നവും ഉണ്ടായില്ല. മുക്കം ഭാഗത്ത് തോട്ടിലെ മണൽ നിക്ഷേപിച്ചിരുന്നില്ല.
കൊല്ലം തോട് നവീകരണത്തിന്റെ മറവിൽ മണൽക്കൊള്ള നടക്കുന്നുവെന്ന ആരോപണം ശക്തമായതോടെ വില്പനയൊഴിവാക്കി മണൽ ലേലം ചെയ്യാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ലേലത്തിന് കാലതാമസം നേരിട്ടതോടെ തീരപ്രദേശത്ത് നിക്ഷേപിക്കുകയായിരുന്നു. ഒന്നരവർഷം മുമ്പാണ് പാപനാശനം മുതൽ താന്നി ഭാഗം വരെ മണൽ നിക്ഷേപിച്ച് തുടങ്ങിയത്.
തിരമാല ശക്തമാകുമ്പോൾ തീരത്തുള്ള മണൽ കടലിലേക്ക് പോയാണ് കരയിടിയുന്നത്. ഇത്തവണ കൊല്ലം തോട്ടിലെ മണൽ കൂടി തീരത്തുണ്ടായിരുന്നതിനാൽ മുൻവർഷങ്ങളിലേത് പോലെ ഇടിഞ്ഞില്ല. ഇപ്പോഴും തോട് നവീകരണത്തിന്റെ ഭാഗമായി ഡ്രഡ്ജ് ചെയ്തെടുക്കുന്ന മണൽ തീരത്ത് നിക്ഷേപിക്കുന്നുണ്ട്.