pothi
എക്‌സൈസ് സ്റ്റാഫ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ തെരുവിൽ അലഞ്ഞുനടക്കുന്നവർക്ക് പൊതിച്ചോർ വിതരണം ചെയ്യുന്നു

കൊല്ലം: ലോക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട് വിശന്നുവലഞ്ഞ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അവശരായി കിടക്കുന്നവർക്ക് ഭക്ഷണം എത്തിച്ച് ജില്ലയിലെ എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ അംഗങ്ങൾ. ലോക്ഡൗൺ ആരംഭിച്ചത് മുതൽ മുടങ്ങാതെ എല്ലാദിവസവും നൂറിൽ കൂടുതൽ പൊതിച്ചോറുകൾ വിതരണം ചെയ്തുവരികയാണ്.

ഭക്ഷണം ആവശ്യമുള്ളവർ സ്ഥിരമായി തങ്ങുന്ന സ്ഥലങ്ങൾ കണ്ടെത്തി വാഹനത്തിൽ പൊതിച്ചോറുകൾ എത്തിക്കുകയാണ് ചെയ്യുന്നത്. ഇതുവരെ 1,556 പൊതിച്ചോറുകൾ വിതരണം ചെയ്തു. ലോക്ഡൗൺ അവസാനിക്കുന്നതുവരെ പൊതിച്ചോർ വിതരണം മുടക്കില്ലെന്നാണ് അസോസിയേഷന്റെ തീരുമാനം.

ഭക്ഷണപ്പൊതികൾ കൂടാതെ ആശ്രാമം ഭാഗത്തെ പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ പച്ചക്കറി കിറ്റും നൽകി. കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്നേഹസ്പർശം ചാരിറ്റി സൊസൈറ്റിയും അസോസിയേഷനെ സഹായിക്കുന്നുണ്ട്. ജില്ലയിലെ എക്‌സൈസ് ജീവനക്കാരാണ് പൊതിച്ചോറുകൾ കൊണ്ടുവരുന്നതെന്ന് കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ. രാജു, സെക്രട്ടറി സന്തോഷ്‌ വർഗീസ് എന്നിവർ പറഞ്ഞു.