എഴുകോൺ: വാഹനം തട്ടി അവശനിലയിൽ റോഡിൽ കിടന്ന തെരുവ് നായക്ക് രക്ഷകരായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ. എഴുകോൺ പഞ്ചായത്തിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലുള്ള സ്നേഹ വണ്ടി പ്രവർത്തകരാണ് തെരുവ് നായക്ക് രക്ഷകരായത്. ഇന്നലെ രാവിലെ ഒരു കൊവിഡ് ബാധിതനെ ആശുപത്രിയിൽ എത്തിച്ച് ശേഷം വാഹനം അണുവിമുക്തമാക്കി മടങ്ങുന്ന വഴി വാഹനം ഓടിച്ചിരുന്ന ഡി.വൈ.എഫ്.ഐ നെടുവത്തൂർ ബ്ലോക്ക് എക്സിക്യുട്ടീവ് അംഗം നിയാസും സഹായി ഡി.വൈ.എഫ്.ഐ എഴുകോൺ വെസ്റ്റ് മേഖല പ്രസിഡന്റ് അഖിൽ അശോകുമാണ് ചീരാങ്കാവിന് സമീപം ഏതോ വാഹ്നം തട്ടി ഗുരുതരമായി പരിക്കേറ്റ തെരുവ് നായയെ കാണുന്നത്. ഉടൻ തന്നെ അതിനെ എഴുകോൺ വെറ്ററിനറി ആശുപത്രിയിൽ എത്തിച്ചു. നട്ടെല്ലിന് ഗുരുതര പരിക്കേറ്റതിനാൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം എഴുകോൺ വെറ്ററിനറി ഡോ.മോളിയുടെ നിർദ്ദേശപ്രകാരം ജില്ല വെറ്ററിനറി ആശുപത്രിയിലേക്ക് കൊണ്ട് പോയി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ നായയെ ആശുപത്രിയിൽ ഏൽപിച്ച് നിയാസും അഖിലും മടങ്ങേണ്ടി . നായയ്ക്ക് ശസ്ത്രക്രിയ ആവശ്യമാണെന്നും ഉടൻ നടത്തുമെന്നും ഡോക്ടർമാർ അറിയിച്ചതായി നിയാസ് പറഞ്ഞു.