ശാസ്താംകോട്ട: താലൂക്ക് ആശുപത്രിയിൽ ഇന്നുമുതൽ കൊവിഡ് ചികിത്സ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ പത്തിന് എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ. സോമപ്രസാദ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. കുന്നത്തൂർ താലൂക്കിൽ കൊവിഡ് രൂക്ഷമാവുകയും 50ൽ അധികം പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തുടങ്ങാത്തതിൽ പ്രതിഷേധം ശക്തമായിരുന്നു. കെട്ടിടത്തിന്റെ അസൗകര്യമുള്ള ആശുപത്രിയിൽ അത്യാഹിത വിഭാഗം പ്രവർത്തിച്ചിരുന്ന ഭാഗത്താണ് കൊവിഡ് ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കിയത്. ഇതിനായി അത്യാഹിത വിഭാഗം ഒ.പി ബ്ലോക്കിലേക്ക് താത്കാലികമായി മാറ്റി. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ സ്ഥാപിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഷാഫി പറഞ്ഞു.
ഓക്സിജൻ സൗകര്യമുള്ള പത്ത് കിടക്കകൾ
ഓക്സിജൻ സൗകര്യമുള്ള പത്ത് കിടക്കകളാണ് ആദ്യ ഘട്ടത്തിൽ സജ്ജമാക്കുന്നത്. കൊവിഡ് രോഗികളെ പാർപ്പിക്കുന്ന കെട്ടിടത്തിൽ നിന്ന് മറ്റു ബ്ലോക്കുകളെ വേർതിരിക്കാനായി പ്രത്യേക നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ ഇടപെടലിലൂടെ കൊവിഡ് ബ്രിഗേഡിൽ നിന്ന് നാല് ഡോക്ടർമാരെയും നാല് നഴ്സുമാരെയും അനുവദിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് നാല് ശുചീകരണ തൊഴിലാളികളെയും നിയമിച്ചു. കേന്ദ്രീകൃത ഓക്സിജൻ വിതരണത്തിനുള്ള നിർമ്മാണ പ്രവർത്തനം അവസാന ഘട്ടത്തിലാണ്.