vattu

തിരുവനന്തപുരം: ലോക്ക് ഡൗണിൽ ബിവറേജസ് മദ്യശാലകളും കള്ള് ഷാപ്പുകളും അടഞ്ഞതോടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും വാറ്റ് വ്യാപകമായി. മദ്യം നിത്യോപയോഗ വസ്തുവാക്കിയ പലരും സർക്കാർ വിലാസം മദ്യശാലകൾ അടച്ചുപൂട്ടിയതോടെ മദ്യനിർമ്മാണത്തിൽ സ്വയം പര്യാപ്തരായി. നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും വാറ്റ് പത്തിരട്ടിയായി വർദ്ധിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. പൊലീസ് ലോക്ക് ഡൗൺ ചുമതലകളിൽ വ്യാപൃതരായതിനാൽ റെയ്ഡുകളും പരിശോധനകളും നടത്തുന്നതിനുള്ള പരിമിതി വാറ്റുകാർക്ക് സഹായകമായിരിക്കുകയാണ്. അതോടൊപ്പം മദ്യത്തിന്റെ മണമടിക്കുന്ന എന്തു കിട്ടിയാലും കുടിക്കുന്ന അവസ്ഥയിൽ മദ്യപർ എത്തി. കഴിഞ്ഞ ദിവസം മീതെയ്ൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ കുടിച്ച് ആലപ്പുഴയിൽ രണ്ടു പേർ മരിച്ചു. എന്നിട്ടും ശുദ്ധമായ മദ്യം ലഭ്യമാക്കുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ വ്യക്തമായ നടപടികൾ എടുത്തിട്ടില്ല.

മദ്യം കിട്ടാനില്ലാതായപ്പോൾ വാറ്റിന് നാടൊട്ടുക്ക് വിലകൂടി. ഉൾനാടൻ പ്രദേശങ്ങളിൽ ഒരുകുപ്പി നാടൻ ചാരായത്തിന് 1500 രൂപയാണ് വിലയെങ്കിൽ നഗരത്തിലെത്തുമ്പോൾ വില ഇരട്ടിയാകും. ലോക് ഡൗണിൽ തൊഴിലില്ലാതെ വീട്ടിൽ കുടുങ്ങിയ പലരും പണമുണ്ടാക്കാൻ വാറ്റിലേക്ക് തിരിഞ്ഞിട്ടുണ്ട്. മുമ്പ് അബ്കാരി കേസുകളിൽ പ്രതികളായവരും ക്രിമിനലുകളുമാണ് വ്യാജ മദ്യനിർമ്മാണത്തിലും വിൽപ്പനയിലും മുമ്പിൽ. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ജയിൽപുള്ളികൾക്ക് പരോൾ അനുവദിച്ചതോടെ വീടുകളിൽ തിരിച്ചെത്തിയവരിൽ ചിലരും വ്യാജവാറ്റിൽ സജീവമായിട്ടുണ്ട്. വനമേഖലകൾ, പാറമടകൾ, നാട്ടിൻപുറങ്ങളിലെ കുറ്റിക്കാടുകൾ, ആളൊഴിഞ്ഞ വീടുകൾ, ഫ്ളാറ്റുകൾ എന്നിവിടങ്ങളിലെല്ലാം വാറ്റ് നടക്കുന്നതായാണ് എക്സൈസിന് ലഭിക്കുന്ന വിവരം. തിരുവനന്തപുരം ജില്ലയിൽ തിരുപുറം, കാട്ടാക്കട, ആര്യനാട്,നെടുമങ്ങാട്, വാമനപുരം മേഖലകളിലാണ് വൻതോതിൽ ചാരായ നിർമ്മാണം നടന്നുവരുന്നത്. ഇവിടങ്ങളിൽ നിന്ന് കുപ്പികളിലും ചെറിയ കന്നാസുകളിലും സ്കൂട്ടറുകളിലും മറ്റും ഒളിപ്പിച്ച് കുപ്പിക്കണക്കിന് ചാരായം നഗരത്തിലും മറ്റ് പ്രദേശങ്ങളിലും എത്തിച്ച് വിൽപ്പന നടത്തുന്നതായും എക്സൈസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് കാലമായതിനാൽ സാധാരണപോലെ എവിടെയും എപ്പോഴും കയറിയിറങ്ങി പരിശോധന നടത്താൻ കഴിയാറില്ല. പി.പി.ഇ കിറ്റുൾപ്പെടെ അത്യാവശ്യം വേണ്ട തയ്യാറെടുപ്പുകളോടെ മാത്രമേ റെയ്ഡുകൾ സാദ്ധ്യമാകൂ. കണ്ടെയ്ൻമെന്റ് സോണുകൾ പോലുള്ള മേഖലകളിൽ പൊലീസോ എക്സൈസോ പരിശോധനയ്ക്ക് കടന്നുവരില്ലെന്ന ഉറപ്പിൽ ഇത്തരം മേഖലകളിലെല്ലാം ക്രിമിനൽ വാസനകളുള്ളവർ അനധികൃത മദ്യനിർമ്മാണത്തിൽ ഏർപ്പെട്ടുവരുന്നുണ്ട്. ആയിരം രൂപയുടെ മുതൽ മുടക്കിനൊപ്പം ഏതാനും മണിക്കൂറുകളുടെ അദ്ധ്വാനവും കൂടിയുണ്ടായാൽ പതിനായിരം രൂപയിലധികം ചാരായ നിർമ്മാണത്തിലൂടെ നേടാമെന്നതാണ് ഇവർ കാണുന്ന നേട്ടം. വാറ്റുകാരിൽ മിക്കവരും തങ്ങളുടെ ഏരിയയിൽ വിൽപ്പനയ്ക്ക് തുനിയാറില്ല. ദൂര സ്ഥലങ്ങളിൽ ആവശ്യക്കാരെ കണ്ടെത്തി അവർക്ക് കൈമാറി പണമുണ്ടാക്കുന്നതാണ് ഇപ്പോഴത്തെ രീതി. അതിനാൽ പ്രാദേശിക തലത്തിൽ നിന്ന് എക്സൈസിനോ പൊലീസിനോ വിവരങ്ങൾ ലഭിക്കാനുള്ള സാദ്ധ്യതയും വിരളമാണ്. ജില്ലയിൽ വിദൂര സ്ഥലങ്ങളിൽ നിന്ന് നഗരത്തിലേക്ക് ജോലിക്കായി വരുന്നവരിൽ ചിലരും മദ്യക്കടത്തിൽ ഏജന്റുമാരായി പ്രവർത്തിക്കുന്നുണ്ട്. ടെക്നോപാർക്കുൾപ്പെടെ ധാരാളം സ്ഥാപനങ്ങളുള്ള നഗരത്തിൽ അവിടേക്ക് ജോലിക്ക് വരുന്നതിന്റെ കൂട്ടത്തിലാണ് ആവശ്യക്കാർക്കുള്ള കുപ്പിയും ഇവരിൽ ചിലർ കരുതുന്നത്. ഭക്ഷണപ്പൊതിയും മറ്റും അടങ്ങിയ ബാഗിനുള്ളിൽ ഒളിപ്പിച്ച് കൊണ്ടുവരുന്നതിനാൽ ഇത്തരക്കാരെ പെട്ടെന്ന് തിരിച്ചറിയാനോ പിടികൂടാനോ സാധിക്കുകയുമില്ല. മൂന്നാം ഘട്ട ലോക് ഡൗൺ അവസാനിക്കുന്നതോടെ ബാറുകളും മദ്യവിൽപ്പന ശാലകളും തുറന്ന് പ്രവർത്തിക്കുമെന്നാണ് കരുതപ്പെടുന്നത്. മലയോര മേഖലകളുൾപ്പെടെയുള്ള സ്ഥലങ്ങളിൽ വാറ്റിനാണ് ഡിമാൻഡെങ്കിൽ വർക്കല, കഴക്കൂട്ടം, ചിറയിൻകീഴ്, മംഗലപുരം പ്രദേശങ്ങളിൽ വിദേശമദ്യത്തിനായിരുന്നു പ്രിയം. ട്രെയിൻമാർഗം അന്യസംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ മദ്യം എത്തിച്ച് വിറ്റഴിച്ചിരുന്ന ഇവിടെ ട്രെയിനുകൾ കുറഞ്ഞതോടെ മദ്യം കിട്ടാക്കനിയായിട്ടുണ്ട്. നെയ്യാറ്റിൻകര താലൂക്കിന്റെ പലഭാഗങ്ങളിലും ലോക് ഡൗണിന് മുമ്പ് തമിഴ്നാട്ടിൽ നിന്നും വൻതോതിൽ മദ്യം എത്തിയിരുന്നെങ്കിലും തമിഴ്നാട്ടിൽ ലോക് ഡൗണായതോടെ അവിടെനിന്നുള്ള മദ്യത്തിന്റെ വരവും കുറഞ്ഞു. ഇത് കേരള - തമിഴ് നാട് അതിർത്തികളിലും മദ്യത്തിന്റെ പ്രിയം കൂട്ടിയിട്ടുണ്ട്.