
കൊല്ലം: ആഹാരം തൊണ്ടയിൽ കുടുങ്ങി പ്രാണവായുവിനായി പിടഞ്ഞ നാലുവയസുകാരിയുടെ ജീവൻ തിരിച്ചുപിടിച്ച് സിവിൽ ഡിഫൻസ് അംഗം. കൊല്ലം ചാമക്കട ഫയർഫോഴ്സ് യൂണിറ്റിലെ സിവിൽ ഡിഫൻസ് അംഗമായ അഞ്ചാലുംമൂട് സ്വദേശി വിനോദാണ് കുഞ്ഞിന്റെ ജീവൻ രക്ഷപ്പെടുത്തിയത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം ഓച്ചിറ ക്ലാപ്പനയിലെത്തിയതായിരുന്നു വിനോദ്. സമീപത്തെ വീട്ടിലെ സന്തോഷിന്റെയും വിദ്യയുടെയും മകൾ കുഞ്ഞാറ്റയുടെ തൊണ്ടയിലാണ് ചോറ് കുടുങ്ങിയത്. ശ്വാസം കിട്ടാതെ പിടഞ്ഞ കുഞ്ഞിനെ കണ്ട് മാതാപിതാക്കൾ പരിഭ്രാന്തരായി. ബഹളം കേട്ട് വിനോദ് ഓടിയെത്തി. ഇത്തരം സന്ദർഭങ്ങൾ നേരിടുന്നതിന് പരിശീലനം ലഭിച്ച വിനോദ് കുഞ്ഞിനെ കൈവെള്ളയിൽ കിടത്തി പുറത്ത് തട്ടുകയും തൊണ്ടയിൽ കുടുങ്ങിയ ആഹാരം പുറത്തെടുക്കുകയുമായിരുന്നു. ഉടൻ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
ആഹാരം കുടുങ്ങിയാൽ
1. ഒരുവയസിൽ താഴെ: കുട്ടിക്ക് ബോധമുണ്ടെങ്കിൽ മുഖം കീഴായി കൈത്തണ്ടയിൽ കമഴ്ത്തി കിടത്തി മറുകൈകൊണ്ട് പുറത്ത് തട്ടുക
2. ഒരുവയസിന് മുകളിൽ: ചുമയ്ക്കാൻ കഴിയുന്നില്ലെങ്കിൽ കുട്ടിയുടെ പിന്നിൽ നിന്ന് രണ്ട് കൈകൾ കൊണ്ട് വയറ്റിൽ അമർത്തി ഭക്ഷണശകലം പുറത്തുകളയാം
പരിശീലനം ലഭിച്ച 50 സിവിൽ ഡിഫൻസ് അംഗങ്ങളിൽ ഒരാളാണ് വിനോദ്. കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലെ ഡോ. ആതുരദാസാണ് പരിശീലനം നൽകിയത്. വിനോദിന്റെ ഇടപെടലിൽ അഭിമാനമുണ്ട്.
-അനന്തു, സ്റ്റേഷൻ ഓഫീസർ
അഗ്നിരക്ഷാനിലം, ചാമക്കട