accused

കുണ്ടറ: വാഹനങ്ങൾ ഉൾപ്പെടെ മോഷ്ടിക്കുന്നത് പതിവാക്കിയ യുവാക്കൾ പൊലീസിന്റെ വാഹന പരിശോധനയിൽ കുടുങ്ങി. കണ്ണനല്ലൂർ ചേരിക്കോണം ഫൈസൽ മൻസിലിൽ ഫൈസൽ (22). ഓടനാവട്ടം ചെന്നാപ്പാറ ഐതാ ഇടയില വീട്ടിൽ അനീഷ് (20)​ എന്നിവരെയാണ് കുണ്ടറ പൊലീസ് പിടികൂടിയത്.

കുണ്ടറ സി.ഐയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി നടന്ന വാഹന പരിശോധനയ്ക്കിടെ മോഷ്ടിച്ചെടുത്ത ബൈക്കുമായി യുവാക്കൾ പൊലീസ് സംഘത്തിന്റെ മുന്നിൽപ്പെടുകയായിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തപ്പോഴാണ് മോഷണവിവരം പ്രതികൾ വെളിപ്പെടുത്തിയത്.

ഈ മാസം വിവിധ ദിവസങ്ങളിലായാണ് ഇരുവരും ചേർന്ന് മോഷണ പരമ്പര നടത്തിയത്. കൊട്ടിയം തഴുത്തലയിൽ വീടിന് മുന്നിൽ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷ,​ മറ്റൊരു വീട്ടിലെ കാർ പോർച്ചിൽ നിറുത്തിയിട്ടിരുന്ന കാർ,​ ഓടനാവട്ടത്ത് റോഡരികത്ത് നിറുത്തിയിരുന്ന ഇരുചക്ര വാഹനം എന്നിവ പ്രതികൾ മോഷ്ടിച്ചിരുന്നു.

കൊട്ടാരക്കര പാണ്ടിത്തിട്ടയിലുള്ള വീട്ടിൽ അതിക്രമിച്ചുകയറി മൊബൈൽ ഫോണും രണ്ടായിരം രൂപയും കവർന്ന കേസിലും നാലുദിവസം മുമ്പ് കൊട്ടാരക്കര നെല്ലിക്കുന്നത്ത് ഒരു വീട്ടിൽ നിന്ന് ഓട്ടോറിക്ഷയും മൊബൈൽഫോണും മോഷ്ടിച്ച കേസിലും ഇവർ പ്രതികളാണ്. യുവാക്കൾ കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും സംഘത്തിൽ വേറെയും ആളുകളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.