പരവൂർ: ഗൃഹനാഥയെ വീടുകയറി വെട്ടിപ്പരിക്കേൽപ്പിച്ച അയൽവാസിയായ യുവാവിനെ റിമാൻഡ് ചെയ്തു. കലയ്‌ക്കോട് പെരുംകുളം വയലിൽ തിരുവാതിരയിൽ മിനിയെ ആക്രമിച്ച കേസിൽ അയൽവാസി പെരുംകുളം വയലിൽ കിഴക്കേത്തൊടിയിൽ ഗോകുലിനെയാണ് (25) പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത് റിമാൻഡ് ചെയ്തത്.
വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഗോകുലിന്റെ വീട്ടിൽ വളർത്തുന്ന കോഴികൾ ശല്യമാകുന്നതായി പരാതിപ്പെട്ടതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രകോപിതനായ യുവാവ് മിനിയെ വീട്ടിൽക്കയറി വടിവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. തടയാൻ ശ്രമിച്ച ഇവരുടെ അയൽവാസിയായ പ്രേംകുമാറിനയും മർദ്ദിച്ചു.
ഗുരുതരമായി പരിക്കേറ്റ മിനിയെ പൊലീസ് എത്തിയാണ് നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.