pulamon
പുലമൺ ജംഗ്ഷൻ

കൊല്ലം: അഞ്ച്‌ വർഷത്തെ വികസന നേട്ടത്തിന്റെ തുടർച്ചയുമായി എൽ.ഡി.എഫ്‌ സർക്കാർ വീണ്ടും അധികാരമേറിയപ്പോൾ കൊട്ടാരക്കരയ്ക്കും പ്രതീക്ഷകളേറെ. തിരുമംഗലം ദേശീയപാതയും എം.സി റോഡും പശ്ചിമഘട്ട മലനിരകൾ കടന്നുപോകുന്ന റെയിലും ഉള്ള മണ്ഡലത്തിന്റെ വികസനം,​ പുലമൺ ജംഗ്‌ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരവും എഴുകോൺ ഇ.എസ്.ഐ ആശുപത്രിയുടെ വികസനവും കാർഷിക, ക്ഷീര കർഷകരെ സംരക്ഷിക്കുന്ന നടപടികളുമൊക്കെ വികസന വിഷയങ്ങളായി ഉയരുന്നുണ്ട്. മണ്ഡലത്തിലെ വികസന കാര്യങ്ങളിൽ ശക്തമായ ഇടപെടലുകൾ മന്ത്രിയെന്ന തലത്തിൽ കെ.എൻ. ബാലഗോപാലിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കൊട്ടാരക്കരക്കാർ.

പുലമണിൽ ഫ്ലൈഓവർ വരണം

പുലമൺ ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് പതിവ് കാഴ്ചയാണ്.. കൊല്ലം- തിരുമംഗലം ദേശീയപാതയും എം.സി റോഡും പരസ്പരം മുറിച്ചുകടക്കുന്ന തിരക്കേറിയ പാതകളായതിനാൽ ഇരുപാതകളും കടന്നുകിട്ടാൻ മേൽപ്പാലം നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മുൻ എം.എൽ.എ ഐഷാപോറ്റി ഇതിന്റെ പ്രാഥമിക നടപടികൾ ആരംഭിച്ചെങ്കിലും തുടർപ്രവർത്തനങ്ങൾ ചുവപ്പ് നാടയിലാണ്.

കർഷകരെ സംരക്ഷിക്കണം

കാർഷിക, ക്ഷീര മേഖലകളിൽ തൊഴിൽ ചെയ്യുന്നവരാണ് മണ്ഡലത്തിൽ ഏറെയുള്ളത്. കൃത്യമായ വില ലഭിക്കാത്തതും വിപണികളിൽ ഇടനിലക്കാർ ചൂഷണം ചെയ്യുന്നതുമൊക്ക തിരിച്ചടിയാകുകയാണ്. വിപണിയിൽ ഇടപെടലുകളുണ്ടാകുകയും സർക്കാർ തലത്തിൽ ഇഞ്ചക്കാട് ക്ഷീരസംഘം ആരംഭിക്കുകയും അമ്പലത്തുംകാല, കൊട്ടാരക്കര എന്നിവിടങ്ങളിൽ വിപണിയിൽ താങ്ങുവില നിശ്ചയിക്കുന്ന നടപടികളും ഉണ്ടാകണം.

ജനപക്ഷ ആവശ്യങ്ങൾ

1. എഴുകോൺ വില്ലേജ് ഓഫീസ്, രജിസ്റ്റർ ഓഫീസ്, പൊതുമരാമത്ത്, ക്ഷേമനിധി ഓഫീസുകൾക്ക് സ്വന്തം കെട്ടിടം
2 എഴുകോൺ റെയിൽവേ സ്റ്റേഷൻ വികസനം, ഹാൾട് സ്റ്റേഷനാക്കാനുള്ള നടപടിക്ക് തടയിടണം
3. പട്ടികജാതി പ്രീ മെട്രിക് ഹോസ്റ്റൽ പ്രവർത്തനക്ഷമമാകണം
4. കോട്ടാത്തല പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നിലവാരം ഉയർത്തി കിടത്തി ചികിത്സ ആരംഭിക്കണം
5.. പഞ്ചായത്ത് തല പൊതുശ്മശാനങ്ങൾ, കൊട്ടാരക്കരയിൽ സ്ലോട്ടർഹൗസ്
6. പുലമൺ തോട് നവീകരണം
7.. എഴുകോൺ മേൽപ്പാലത്തിന്റെ ഉയരം കുറയ്ക്കണം, ജംഗ്‌ഷൻ വികസനം
8. ചരിത്ര ബന്ധമുള്ള സ്ഥലങ്ങൾ ഉൾപ്പെടുത്തി സാംസ്കാരിക ടൂറിസം

9. എഴുകോൺ ഇ.എസ്.ഐയുടെ നിലവാരം ഉയർത്തണം

10. കൊട്ടാരക്കരയിൽ പാർക്കിംഗ് സൗകര്യം