chathannoor-junction
ചാത്തന്നൂർ ജംഗ്ഷൻ

കൊല്ലം: ചാത്തന്നൂർ കേന്ദ്രീകരിച്ച് താലൂക്ക് രൂപീകരിക്കുന്നതിന് സമ്മർദ്ദം ചെലുത്തുമെന്ന് ജി.എസ്. ജയലാൽ എം.എൽ.എ അറിയിച്ചു. മണ്ഡലത്തിലെ വികസന വിഷയങ്ങൾ ചൂണ്ടിക്കാട്ടി 'കേരളകൗമുദി' സാമാജിക സമക്ഷം ജനപക്ഷം എന്ന പംക്തിയിൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച 'ഉപനഗരമാകണം ചാത്തന്നൂർ' എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഉപനഗരമായി ചാത്തന്നൂർ വികസിക്കുന്നതിന് ആവശ്യഘടകങ്ങളിലൊന്നാണ് താലൂക്ക് രൂപീകരണം. സർക്കാരിന്റെ നയപരമായ തീരുമാനമാണ് ഇക്കാര്യത്തിൽ വേണ്ടത്. തീരദേശപാതയുടെ ഭാഗമായി പൊഴി മുറിയുന്നിടത്ത് പാലം നിർമ്മിക്കുന്നതിൽ സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. ഇരവിപുരം മണ്ഡലത്തിന്റെ ഭാഗം കൂടിയായതിനാൽ എം. നൗഷാദ് എം.എൽ.എയുമായി ചേർന്ന് പാലം പൂർത്തീകരണം വേഗത്തിലാക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും.

പള്ളിക്കമണ്ണടി, കുമ്മല്ലൂർ, ഞവരൂർ എന്നിവിടങ്ങളിലും പാലം നിർമ്മാണം പൂർത്തിയാക്കും. ഊറാൻവിള ബസ് സ്റ്റാൻഡ് പ്രവർത്തനം ആരംഭിക്കുന്നതിന് സാങ്കേതികമായ തടസങ്ങളുണ്ട്. പഞ്ചായത്ത് അധികൃതരുമായി സഹകരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 യാഥാർഥ്യമാകും, എം.എൽ.എയുടെ വാക്ക്

1. പള്ളിക്കമണ്ണടി പാലം
2. കുമ്മല്ലൂർ പാലം
3. ഞവരൂർ റെഗുലേറ്റർ പാലം
4. പരവൂർ ഫിഷിംഗ് ഹാർബർ (സർക്കാർ തീരുമാനത്തിനനുസരിച്ച് പ്രവർത്തിപ്പിക്കും)
5. ടൂറിസം വികസനം