v

തഴവ: കൊവിഡ് പ്രധിരോധ പ്രവർത്തനങ്ങൾക്കിടയിൽ രോഗബാധിതരാകുന്ന താത്കാലിക ആരോഗ്യ പ്രവർത്തകർക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകണമെന്ന ആവശ്യം ശക്തമാകുന്നു. കൊവിഡ് രണ്ടാംഘട്ട വ്യാപനത്തിൽ ആശാപ്രവർത്തകർ ഉൾപ്പടെ നിരവധി ആരോഗ്യ പ്രവർത്തകരാണ് രോഗബാധിതരാവുന്നത്. എന്നാൽ ഇവർക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ തലത്തിൽ യാതൊരു സംവിധാനവും ഇല്ലാത്ത അവസ്ഥയാണ്.

രണ്ടാംഘട്ട വ്യാപനത്തിൽ കുലശേഖരപുരം പഞ്ചായത്തിൽ മാത്രം രണ്ട് ആശാ പ്രവർത്തകർക്കും ഒരു ജീവനക്കാരിക്കും ഉൾപ്പടെ മൂന്ന് പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. കൊവിഡ് നെഗറ്റീവായാൽ അധികം വൈകാതെ തന്നെ രോഗബാധിത മേഖലകളിൽ പ്രതിരോധ പ്രവർത്തനങ്ങക്കൾക്കിറങ്ങേണ്ട ആരോഗ്യ പ്രവർത്തകർക്ക് ചെറിയ ധനസഹായം ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.

നേരിടുന്നത് വലിയ വെല്ലുവിളി

രോഗവ്യാപനം കൂടുതലുള്ള മേഖലകളിൽ രോഗികളുടെയും ഗൃഹ നിരീക്ഷണത്തിൽ കഴിയുന്നവരുടെയും വീടുകളിൽ നിരന്തരം സന്ദർശനം നടത്തേണ്ടി വരുന്ന ആശാപ്രവർത്തകരാണ് നിലവിലെ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നത്. ചെറിയ വേതനത്തിന് കഠിനാദ്ധ്വാനം ചെയ്യുന്ന ഇവർ രോഗം ബാധിച്ച് ദിവസങ്ങളോളം കിടപ്പിലായാൽപ്പോലും സർക്കാരിൽ നിന്ന് യാതൊരു ആനുകൂല്യങ്ങളും ലഭിക്കാത്ത സ്ഥിതിയുണ്ട്.