kundara-techno-park

കൊല്ലം: വേലുത്തമ്പി ദളവയുടെ വിളംബരത്തോടെ പ്രസിദ്ധിയാർജ്ജിച്ച കുണ്ടറ വിവരസാങ്കേതിക മേഖലയിലെ കുതിച്ചുചാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ്. ജില്ലയിലെ ഏക ഐ.ടി ഹബിന്റെ വികസനം കുണ്ടറയിലെന്നല്ല ജില്ലയിലാകമാനം സാമ്പത്തിക മുന്നേറ്റമുണ്ടാക്കും. 2014ൽ പ്രവർത്തനമാരംഭിച്ച കുണ്ടറ ടെക്‌നോപാർക്കിൽ നിലവിൽ 21 കമ്പനികളാണ് പ്രവർത്തിക്കുന്നത്. രണ്ടാംഘട്ട വികസനം പൂർത്തീകരിക്കുന്നതിനും പുതിയ കമ്പനികളെ ആകർഷിക്കാനും എം.എൽ.എയുടെ ഇടപെടലുകൾ ഉണ്ടാകണമെന്നാണ് ജനപക്ഷ ആവശ്യം.

ഇളമ്പള്ളൂർ, പള്ളിമുക്ക് റെയിൽവേ മേൽപ്പാലം, കുണ്ടറയിൽ ബസ് ടെർമ്മിനൽ, പടപ്പക്കര - മൺറോത്തുരുത്ത് പാലം, കണ്ണനല്ലൂർ ജംഗ്‌ഷൻ വികസനം എന്നിവയെല്ലാം മണ്ഡലത്തിലെ ജനകീയ ആവശ്യങ്ങളാണ്. സംസ്ഥാന രാഷ്ട്രീയത്തിലെ യുവനേതാക്കളിൽ ശ്രദ്ധേയനായ പി.സി. വിഷ്ണുനാഥിന് ഇവയെല്ലാം സാദ്ധ്യമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കുണ്ടറ നിവാസികൾ.

കുണ്ടറയിൽ ബസ് ടെർമ്മിനൽ

കെ.എസ്.ആർ.ടി.സി ഉൾപ്പെടെ ദീർഘദൂര, നഗര, ഗ്രാമീണ സർവീസുകൾ ഏറെയുള്ള കുണ്ടറയിൽ ബസ് ടെർമ്മിനൽ എന്ന ആശയത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇളമ്പള്ളൂരിൽ ടെർമ്മിനൽ എന്ന് വിശേഷിപ്പിക്കാവുന്ന സ്ഥലമുണ്ടെങ്കിലും നഗര സർവീസുകളൊഴികെ മറ്റൊന്നും ഇവിടേക്ക് എത്താറില്ല. സിറ്റി ബസുകൾ ഇളമ്പള്ളൂരിലും ദീർഘദൂര സർവീസുകൾ മുക്കടയിലും സർവീസ് അവസാനിപ്പിക്കുന്നതിനാൽ യാത്രക്കാർ ഒരു കിലോമീറ്ററിലധികം കാൽനടയായി സഞ്ചരിക്കണം. എല്ലാ ബസുകളും ഒരിടത്ത് എത്തുന്ന തരത്തിൽ ടെർമ്മിനൽ നടപ്പിലാക്കണം. നിലവിലുള്ളത് വികസിപ്പിക്കുകയും മുക്കട വരെയുള്ള ബസുകൾ ഇളമ്പള്ളൂർ വരെയാക്കുകയും ചെയ്താൽ ഒരുപരിധിവരെ ഗുണകരമാകും.

റെയിൽവേ മേൽപ്പാലം

കുണ്ടറ മുക്കട, ഇളമ്പള്ളൂർ, പള്ളിമുക്ക് റെയിൽവേ ഗേറ്റുകളിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത് പതിവാണ്. കൊല്ലം - പുനലൂർ റെയിൽപ്പാത വികസനം സാദ്ധ്യമാകുന്നതോടെ ഗേറ്റുകൾ കൂടുതൽ സമയം അടഞ്ഞുകിടക്കേണ്ട അവസ്ഥയും സംജാതമാകും. മൂന്ന് ഗേറ്റുകളിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി മേൽപ്പാലം നിർമ്മിക്കുന്നതിന് അടിയന്തര ഇടപെടലുകളുണ്ടാകണം.

കണ്ണനല്ലൂർ ജംഗ്‌ഷൻ

നഗരപരിധിക്ക് പുറത്താണെങ്കിലും നഗരത്തിനോട് ചേർന്നുള്ള പട്ടണമാണ് കണ്ണനല്ലൂർ. ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്ക്കുള്ള യാത്രക്ക് ആശ്രയിക്കുന്ന സ്ഥലം കൂടിയാണിത്. ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണങ്ങളിലൂടെ കണ്ണനല്ലൂരിന്റെ വികസനം സാദ്ധ്യമാക്കണം.

പരിഗണനയില്ലാതെ പെരിനാട്

ഭൂവിസ്തൃതിയിൽ മുന്നിലുള്ള പഞ്ചായത്താണ് പെരിനാട്. ഇ.എസ്.ഐ ആരോഗ്യകേന്ദ്രങ്ങൾ, കശുഅണ്ടി ഫാക്ടറികൾ, ഫാഷൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള പശ്ചാത്തല സൗകര്യ വികസനങ്ങൾ ഇവിടെ നടപ്പിലാകണം. ചന്ദനത്തോപ്പ് ഐ.ടി.ഐ നിലവാരം ഉയർത്തുകയും പുതിയ പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തി പുതിയ കോഴ്‌സുകൾ ആരംഭിക്കുകയും വേണം.

ജനപക്ഷ ആവശ്യങ്ങൾ
1. കുണ്ടറ ബസ് ടെർമ്മിനൽ
2. പടപ്പക്കര - മൺറോത്തുരുത്ത് പാലം
3. ടെക്‌നോപാർക്ക് വികസനം
4. റെയിൽവേ മേൽപ്പാലങ്ങൾ
5. കുണ്ടറയിൽ കിടത്തി ചികിത്സയുള്ള സർക്കാർ ആശുപത്രി
6. ഇളമ്പള്ളൂർ മുതൽ ആറുമുറിക്കട വരെ ടൗൺ വികസനം
7. കണ്ണനല്ലൂർ ജംഗ്‌ഷൻ വികസനം
8. ചന്ദനത്തോപ്പ് ഐ.ടി.ഐ വികസനം
9. സ്റ്റാർച്ച്, അലിൻഡ്, സെറാമിക് ഫാക്ടറികളുടെ പുനരുജ്ജീവനം
10. കശുഅണ്ടി, മത്സ്യത്തൊഴിലാളിക്ക് തൊഴിൽ സംരക്ഷണം