കൊട്ടാരക്കര: ആൾതാമസമില്ലാത്ത വീട്ടിൽ ചാരായം വാറ്റ്. എക്സൈസ് പരിശോധനയിൽ 220 ലിറ്റർ കോടയും ഒരു ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. പൂവറ്റൂർ കച്ചേരിമുക്ക് കൊടാക് ഏലാ ഭാഗത്ത് ബാബു സദനത്തിൽ കുഞ്ഞുമോന്റെ വീട്ടിലാണ് വാറ്റ് നടത്തിയത്. കുഞ്ഞുമോനും കുടുംബവും മകളുടെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ട് രാജസ്ഥാനിൽ പോയിരിക്കുകയാണ്. വീട്ടിൽ അതിക്രമിച്ച് കടന്നാണ് പ്രതികൾ വാറ്റ് നടത്തിയത്. എക്സൈസ് എത്തുമ്പോൾ പ്രതികൾ രക്ഷപെട്ടിരുന്നു. ഇവരെപ്പറ്റി വിവരം ലഭിച്ചതായി ഉദ്യോഗസ്ഥ‌ർ അറിയിച്ചു. കൊട്ടാരക്കര എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ എ.ഷിലു, ഇ.എൻ.സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.വിവേക്, ജോർജ്ജ് ജോസി, ബി.മനോജ് കുമാർ, എസ്.ഹരിപ്രസാദ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.