eye

 പാരിപ്പള്ളി മെഡി. കോളേജ് സജ്ജം

കൊല്ലം: ബ്ലാക്ക് ഫംഗസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ ജാഗ്രത ശക്തമാക്കി. മറ്റ് രോഗങ്ങളുടെ ചികിത്സയ്ക്കൊപ്പം രോഗികളിൽ ഫംഗൽ ബാധയുണ്ടോയെന്ന് നിരീക്ഷിക്കാനും നിർദ്ദേശം നൽകി. ഐ.സി.യുവും വെന്റിലേറ്ററുകളും ഓക്സിജൻ സിലിണ്ടർ അടക്കമുള്ള ചികിത്സാ ഉപകരണങ്ങളും നിരന്തരം അണുവിമുക്തമാക്കുന്നുണ്ട്. ആന്റി ഫംഗൽ മരുന്നുകളും ആശുപത്രികളിൽ ലഭ്യമാക്കിയിട്ടുണ്ട്. നനവുള്ള മാസ്കുകളും ഓക്സിജൻ മാസ്കും ഉപയോഗിക്കുന്നതാണ് ബ്ലാക്ക് ഫംഗസ് ബാധയുടെ പ്രധാനകാരണമായി അരോഗ്യവിദഗ്ദ്ധർ പറയുന്നത്. അതുകൊണ്ട് തന്നെ വീടുകളിലും ആശുപത്രികളിലും ചികിത്സയിൽ കഴിയുന്നവർ നിരന്തരം മാസ്ക് മാറ്റണമെന്നും നിർദ്ദേശമുണ്ട്. ബ്ലാക്ക് ഫംഗസ് ബാധിക്കുന്നവരെ ചികിത്സിക്കാൻ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. ഇവിടെ എൻഡോസ്കോപ്പിക്കുള്ള സൗകര്യം പ്രത്യേകം ഒരുക്കി. ശ്വാസകോശം വരെയുള്ള ഫംഗൽ ബാധയ്ക്ക് ഇവിടെ ശസ്ത്രക്രിയ നടത്തും. തലച്ചോറിയിലേക്ക് ബാധിച്ചിട്ടുണ്ടെങ്കിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റും. ജില്ലയിൽ ഇതുവരെ മൂന്ന് പേർക്കാണ് ബ്ലാക്ക് ഫംഗസ് ബാധിച്ചിട്ടുള്ളത്. ഇതിൽ രണ്ടുപേർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റൊരാൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.