കൊട്ടിയം: വീട്ടുവളപ്പിലെ സെപ്ടിക് ടാങ്കിൽ വീണ പോത്തിനെ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി. ഉമയനല്ലൂർ മേവറം ചരിവിള വീട്ടിൽ സജീവിന്റെ വീട്ടിലെ പോത്തിനെയാണ് രക്ഷപ്പെടുത്തിയത്. വീഴ്ചയിൽ ടാങ്കിനുള്ളിലെ കൂർത്ത കമ്പികളിലുടക്കി പോത്തിന്റെ ശരീരമാസകലം മുറിവേറ്റു.
ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. സജീവ് തന്റെ രണ്ട് പോത്തുകളെ ഉപയോഗശൂന്യമായ സെപ്ടിക് ടാങ്കിന് സമീപത്താണ് കെട്ടിയിരുന്നത്. മഴയത്ത് ടാങ്കിന്റെ മേൽമൂടി ഭാഗികമായി നശിച്ചിരുന്നു. ഇതിന് മുകളിലൂടെ നടന്നപ്പോൾ മേൽമൂടി തകർന്ന് പോത്ത് താഴേക്ക് വീഴുകയായിരുന്നു. കടപ്പാക്കട ഫയർഫോഴ്സ് സംഘമെത്തി വടം ഉപയോഗിച്ചാണ് പുറത്തെടുത്തത്. ലീഡിംഗ് ഫയർമാൻ പി.ഡി. രാജു, ഫയർമാൻമാരായ അഭിലാഷ്, ഷാൻകുമാർ, ലിജിൻ, മനു, ശ്രീജിത്ത്, മുരുകൻ, അജു, ആർ.കെ. നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം