ചാത്തന്നൂർ: കിടപ്പുരോഗിയായ ഗൃഹനാഥന് ചികിത്സാ ധനസഹായവും വസ്ത്രങ്ങളും ഭക്ഷ്യക്കിറ്റും എത്തിച്ചുനൽകി അമ്മ ചാരിറ്റബിൾ ട്രസ്റ്റ്. ചിറക്കര ഇടവട്ടം മണ്ഡപത്തുകുന്ന് കല്ലുംപുറത്ത് വീട്ടിലെ സന്തോഷ് ബാബുവിനാണ് ട്രസ്റ്റ് ചെയർമാൻ വി.എസ്. സന്തോഷ് കുമാർ, കോ ഓർഡിനേറ്റർ വേണു സി. കിഴക്കനേല തുടങ്ങിയവരുടെ നേതൃത്വത്തിൽ സഹായങ്ങളുമായി എത്തിയത്.
വീടിന്റെ ടെറസിൽ നിന്ന് കാൽവഴുതി നിലത്തുവീണ് നട്ടെല്ലിന് ക്ഷതമേറ്റതോടെ കഴിഞ്ഞ മൂന്ന് വർഷമായി സന്തോഷ് ബാബു കിടപ്പിലാണ്. ഇതിനിടെ കൊവിഡ് മഹാമാരിയെ തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടും തിരിച്ചടിയായി. മരുന്നുകളും ദിവസേന ചെയ്യേണ്ട ഫിസിയോ തെറാപ്പി ചികിത്സയും ഇതോടെ മുടങ്ങി. വയോധികയായ അമ്മയാണ് സന്തോഷിനെ പരിചരിക്കുന്നത്.
പാരിപ്പള്ളി എസ്.എച്ച്.ഒ സതികുമാർ ധനസഹായവും സാധനങ്ങളും സന്തോഷ് ബാബുവിന് കൈമാറി. സന്തോഷ് ബാബുവിന്റെ ഫിസിയോ തെറാപ്പി ചികിത്സ പുനരാരംഭിക്കാൻ വേണ്ട ഏർപ്പാടുകൾ ഉടൻ ചെയ്യുമെന്ന് ട്രസ്റ്റ് ചെയർമാൻ വി.എസ്. സന്തോഷ് കുമാർ പറഞ്ഞു.