chain-snatcher

കൊല്ലം: ഞായറാഴ്ച വൈകിട്ട് കൊല്ലം റെയിൽവേ സ്റ്റേഷനിൽ വച്ച് ഇ.എസ്.ഐ ജീവനക്കാരിയുടെ സ്വർണമാല പൊട്ടിച്ച് കടക്കാൻ ശ്രമിച്ച കേസിലെ പ്രതി മലയാളിയാണെന്ന് റെയിൽവേ പൊലീസ് കണ്ടെത്തി. നെടുമങ്ങാട് പത്താംകല്ല് തടത്തിലഴികത്ത് പയ്യാംമ്പള്ളിൽ ഷെഫീക്കാണ് (31) പിടിയിലായത്.

പിടികൂടിയപ്പോൾ ഇയാൾ തമിഴ്നാട് സ്വദേശിയാണെന്നാണ് പൊലീസിനോട് പറഞ്ഞത്. തമിഴ്നാട്ടിലുള്ള ഒരു വിലാസവും നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം സ്വദേശിയാണെന്ന് കണ്ടെത്തിയത്. ഷെഫീക്കിനെതിരെ തിരുവനന്തപുരം ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ സമാനമായ കേസുകളുണ്ടെന്ന് റെയിൽവേ പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തുനിന്ന തിരുവനന്തപുരം സ്വദേശിനിയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ പതി ശ്രമിച്ചത്. തുടർന്ന് റെയിൽവേ പൊലീസ് സംഘം പ്രതിയെ പിന്തുടർന്ന് യാർഡ് പരിസരത്തുനിന്ന് പിടികൂടുകയായിരുന്നു. ഇന്നലെ റിമാൻഡ് ചെയ്തു.