photo

കൊല്ലം: തെളിഞ്ഞ നിലവിളക്കുപോലെ, ധ്യാനനിരതമായ മനസോടെ രശ്മി രാഹുൽ വരയ്ക്കുകയാണ്. സർഗാത്മകതയിൽ ചായക്കൂട്ടുകൾ ചാലിച്ചാണ് ചുമർചിത്രകലാ വിസ്മയം. കൊവിഡിന്റെ അടച്ചുപൂട്ടൽകാലത്ത് വരയ്ക്ക് കൂടുതൽ സമയംകണ്ടെത്താനും ചായക്കൂട്ടുകൾ ചേർത്തുവച്ച സ്വപ്നങ്ങളൊക്കെ യാഥാർത്ഥ്യമാക്കാനും കഴിയുന്നതിന്റെ നിർവൃതിയിലാണ് കൊല്ലം ചവറ മുകുന്ദപുരം മേനമ്പള്ളിൽ രശ്മിഭവനത്തിൽ രശ്മി രാഹുൽ.

തുണികളിലും കാൻവാസിലും ചുവരിലും ചിത്രമെഴുതുന്നുണ്ട്. കുട്ടിക്കാലത്തേ കൂടെക്കൂടിയതാണ് ചിത്രമെഴുത്ത് വാസന. റിട്ട. പൊലീസ് കമാൻഡന്റായിരുന്ന അച്ഛൻ ജെ. രാമചന്ദ്രൻപിള്ളയും അമ്മ വിമലാദേവിയും അന്നേ പ്രോത്സാഹനം നൽകി. ചിത്രമെഴുത്ത് കൂടുതൽ ഗൗരവത്തിൽ കണ്ടുതുടങ്ങിയതോടെ പ്രമുഖ ചിത്രകാരനായ ദേവിപ്രസാദിന്റെ കീഴിൽ പഠനം തുടങ്ങി. പിന്നീട് രാമൻകുളങ്ങര വസന്ത നായരാണ് ചുമർ ചിത്രകലയിലേക്ക് നയിച്ചത്. മ്യൂറൽ പെയിന്റിംഗ് എന്ന ചുമർ ചിത്രകലയോട് അന്നേ മനസ് ചേർന്നു. തഞ്ചാവൂർ ചിദംബരത്തിനൊപ്പംനിന്ന് തഞ്ചാവൂർ പെയിന്റിംഗും പഠിച്ചതോടെ രശ്മി ചിത്രകലയിൽ തനിയ്ക്കായി സ്ഥാനമൊരുക്കി.

വര ഒരു ലഹരിയായതോടെ സമ്മോഹന കൃഷ്ണൻ, വൃന്ദാവനകൃഷ്ണൻ, മുരളീകൃഷ്ണൻ എന്നിങ്ങനെ കൃഷ്ണഭാവങ്ങളുടെ ഭക്തിരസം ചോരാതെ നിരവധി ചിത്രങ്ങൾ വരച്ചുകഴിഞ്ഞു. അകാല നിർഭയനും ആത്മലിംഗ സ്വരൂപനുമായ മഹേശ്വരന്റെയും വിഘ്നഹന്താവായ വിഘ്നേശ്വരന്റെയും ശിവനും ശക്തിയും ഒന്നിയ്ക്കുന്ന അർദ്ധനാരീശ്വര സങ്കല്പവും പിന്നെ തെയ്യവും മോഹിനിയാട്ടവുമൊക്കെ വരച്ചു. ക്ഷേത്രങ്ങളിലേക്ക് ഒട്ടേറെ ദേവ സങ്കല്പങ്ങൾ വരച്ചുനൽകിയിട്ടുള്ള രശ്മി ക്ഷേത്രങ്ങളിലും പഴയ തറവാടുകളിലും നിറം മങ്ങിയ ശില്പങ്ങൾക്ക് ചായം പകർന്ന് ജീവസുറ്റതാക്കാനുള്ള ശ്രമത്തിലാണിപ്പോൾ. കവിതകളെ കാൻവാസിലേക്ക് എത്തിയ്ക്കാനുള്ള ശ്രമങ്ങളും വിജയിച്ചു. ഒരാഴ്ച മുതൽ ആറാഴ്ചവരെയെടുത്താണ് ഓരോ ചിത്രങ്ങളും പൂർത്തിയാക്കുന്നത്. ചിലപ്പോൾ മാസങ്ങളുമെടുക്കും. മനസ് ഏകാഗ്രമായില്ലെങ്കിൽ ലക്ഷ്യമിട്ട പൂർണത ലഭിക്കുകയില്ലെന്ന് രശ്മി രാഹുൽ പറയുന്നു. വരയുടെ കാര്യത്തിൽ പൂർണതയായെന്ന് മറ്റുള്ളവർ പറയാറുണ്ടെങ്കിലും രശ്മി ഇപ്പോഴും പഠനത്തിലാണ്. താന്ത്രിക് പെയിന്റിംഗിന്റെ പഠനമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

ചിത്രമെഴുത്തിന് വ്രതശുദ്ധിയും ധ്യാനവും

സാധാരണ ചിത്രമെഴുത്തുപോലെയല്ല ചുവർ ചിത്രകല അഥവാ മ്യൂറൽ പെയിന്റിംഗ്. മറ്റൊരു ചിത്രമോ മോഡലോ നോക്കിവരയ്ക്കുകയല്ല. വ്രതശുദ്ധിയോടെ ചെയ്യുന്ന ഒരു സാധനയാണിത്. മനസും ശരീരവും ശുദ്ധമാക്കി ധ്യാനശ്ളോകങ്ങളിൽ ഇഴുകിച്ചേരുകയാണ് ആദ്യപടി. ന്യാന ശ്ളോകങ്ങളിൽ ഭാവകല്പന ചെയ്തിരിക്കുന്ന ദേവസങ്കല്പങ്ങൾക്ക് അണുവിട തെറ്റാത്ത രൂപകല്പനയാണ് വേണ്ടത്. ദേവീദേവൻമാരും പുരാണ കഥാസന്ദർഭങ്ങളുമൊക്കെ വരയിലൂടെ വർണ രൂപത്തിലേക്ക് മാറുകയാണവിടെ. സപ്തവർണങ്ങളുടെ സങ്കലനമില്ലാതെ പഞ്ചവർണ സമ്പ്രദായത്തിലാണ് ചിത്രമെഴുത്ത്. കാവിമഞ്ഞ, കാവിച്ചുവപ്പ്, നീല, പച്ച, കറുപ്പ് വർണങ്ങളാണ് ഉപയോഗിക്കുക.

മനസിന് ആഹ്ളാദം, വരുമാനവും

രശ്മിയുടെ ചിത്രങ്ങൾക്ക് ഒട്ടേറെ ആവശ്യക്കാർ വരുന്നുണ്ട്. എണ്ണച്ചായ ചിത്രങ്ങൾക്കും ഗ്ളാസ് പെയിന്റിംഗിനും കോഫീ പെയിന്റിംഗിനും കൂടുതൽ ആവശ്യക്കാരുമുണ്ടായി. ആവശ്യാനുസരണം സാരികളിൽ ചിത്രം വരച്ചുനൽകാറുണ്ട്. പെയിന്റിംഗ് ക്ളാസുകളും ചിത്ര പ്രദർശനവും നടത്താറുണ്ട്. നെറ്റിപ്പട്ടം നിർമ്മാണം, കാർ ഡെക്കറേഷൻ, ഫ്ളവർ മേക്കിംഗ് എന്നിവ ചെയ്യാറുണ്ട്. ഡാൻസ് കോറിയോഗ്രാഫിയിലും കഴിവ് തെളിയിച്ചു. കഥയും കവിതയും എഴുതാറുണ്ട്. മകൻ സൂര്യനും അമ്മയ്ക്കൊപ്പം സാഹിത്യലോകത്ത് നിറസാന്നിദ്ധ്യമായി മാറുന്നുണ്ട്. മകൾ സൂര്യ ചലച്ചിത്ര നടി അമ്പിളീദേവിയ്ക്കൊപ്പം നൃത്തപഠനവും നടത്തുന്നു. പ്രവാസിയായ ഭർത്താവ് രാഹുലിന്റെ പ്രോത്സാഹനമാണ് കലാലോകത്ത് കൂടുതൽ ഉറപ്പിച്ച് നിർത്തുന്നതെന്ന് രശ്മി രാഹുൽ പറഞ്ഞു.