കൊല്ലം: ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ നൂറിലേറെ ഒഴിവുകളുണ്ടായിട്ടും രാഷ്ട്രീയ സ്വാധീനമുള്ള പതിനൊന്ന് പേരെ മാത്രം ക്യാമ്പിൽ നിന്ന് നിയമിക്കാൻ രഹസ്യനീക്കം. ഇവർക്ക് പ്രത്യേക സീനിയോറിറ്റി ലഭിക്കാൻ വേണ്ടിയാണ് ബാക്കിയുള്ളവരെ മാറ്റിനിറുത്തി നിയമനം നടത്തുന്നതെന്നാണ് ആരോപണം.
ലോക്ക് ഡൗൺ പോയിന്റ് ഡ്യൂട്ടിക്ക് നിയോഗിക്കാൻ ആളില്ലെങ്കിലും എല്ലാ സ്റ്റേഷനുകളിലെയും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ 56 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അടൂർ കെ.എ.പി -3 ബറ്റാലിയനിൽ നിന്നാണ് പ്രധാനമായും ജില്ലയിലെ സ്റ്റേഷനുകളിലേക്കുള്ള നിയമനം.
ഇപ്പോൾ 2015 ബാച്ചുകാരുടെ നിയമനമാണ് നടക്കുന്നത്. ഈ ബാച്ചിലെ മുന്നൂറോളം പേർക്ക് നിയമനം ലഭിച്ചുകഴിഞ്ഞു. ഇനി നൂറോളം പേർ ശേഷിക്കുന്നുണ്ട്. ഇവർ നിയമനം കാത്തുനിൽക്കുമ്പോഴാണ് ക്യാമ്പ് ഡ്യൂട്ടി തിരഞ്ഞെടുത്തിരുന്ന 2010 മുതൽ 12 വരെയുള്ള ബാച്ചുകളിലെ 11 പേർക്ക് മേഴ്സി ചാൻസ് എന്ന പേരിൽ നിയമനം നൽകാൻ ഒരുങ്ങുന്നത്.
56 ഒഴിവുകളും ഒരുമിച്ച് നികത്തിയാൽ മുൻ ബാച്ചുകളിലെ 11 പേർ ആദ്യം സേനയിൽ എത്തിയവരാണെങ്കിലും സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഔദ്യോഗിക സീനിയോറിറ്റിയിൽ ഒപ്പം നിയമനം ലഭിക്കുന്ന 45 പേരെക്കാൾ പിന്നിലാകും. ഇത് മറികടക്കാനാണ് 11 പേർക്ക് മാത്രം നിയമനം നൽകുന്നതെന്നാണ് ആരോപണം.
മേഴ്സി ചാൻസിൽ കയറിപ്പറ്റാൻ നീക്കം
ട്രെയിനിംഗ് പൂർത്തിയാകുമ്പോൾ പൊലീസുകാർക്ക് ലോക്കൽ സ്റ്റേഷനും ക്യാമ്പും തിരിഞ്ഞെടുക്കാൻ അവസരമുണ്ട്. വീടിനടുത്ത് ജോലി ചെയ്യാൻ കഴിയുന്നതിനാൽ കൂടുതൽ പേരും ലേക്കൽ സ്റ്റേഷനാണ് തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ നിയമനം ലഭിക്കാൻ ഏറെ വൈകും. പക്ഷെ ക്യാമ്പിൽ ശമ്പള വർദ്ധനവ് കൂടുതലാണ്. കുറച്ച് കാലം ക്യാമ്പിൽ ജോലി ചെയ്ത ശേഷം സ്റ്റേഷനിലേക്ക് വന്നാലും ശമ്പള വർദ്ധനവ് നിലനിൽക്കും. ഇങ്ങനെ ആദ്യം ക്യാമ്പിലെ ജോലി തിരഞ്ഞെടുത്ത് ശമ്പളം വർദ്ധനവ് ലഭിച്ചവരാണ് മേഴ്സി ചാൻസ് എന്ന സാദ്ധ്യത പ്രയോജനപ്പെടുത്തി ഇപ്പോൾ സ്റ്റേഷനിലേക്ക് കയറിപ്പറ്റാൻ ശ്രമിക്കുന്നത്. ഇങ്ങനെയെത്തുന്നവരെ ഏറ്റവും ജൂനിയറായി മാത്രമേ നിയമിക്കാവൂ എന്നാണ് സർക്കാർ ഉത്തരവ്.