pathanapuram
pathanapuram

കൊല്ലം: അഞ്ചുതവണ തുടർച്ചയായി പത്തനാപുരത്തിന്റെ സാമാജികനാണ് കെ.ബി. ഗണേശ് കുമാർ. പൊതുജനാഭിപ്രായത്തിനൊപ്പം നിന്നുള്ള പ്രവർത്തനത്തിന് പകരമായി പത്തനാപുരത്തുകാർ ഒരിക്കൽ കൂടി അദ്ദേഹത്തെ നിയമസഭയിലെത്തിച്ചിട്ടുണ്ടെങ്കിലും മണ്ഡലത്തിൽ നടപ്പിലാക്കേണ്ട വികസനപദ്ധതികൾ നിരവധിയാണെന്ന് ചൂണ്ടികാട്ടുകയാണ് ജനപക്ഷം. ശബരിമല തീർത്ഥാടന യാത്രയ്ക്കുൾപ്പടെ സഹായകരമായ പുനലൂർ- മൂവാറ്റുപുഴ റോഡിന്റെ ഭാഗമായ സ്ഥലങ്ങളും മണ്ഡലത്തിലുണ്ട്. സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കണമെന്നുള്ള ആവശ്യവുമുണ്ട്. ശബരി റെയിൽപാത നടപ്പിലാക്കുന്നതിനുള്ള നടപടികൾക്കും കെ.ബി. ഗണേശ് കുമാർ ഇടപെടണമെന്ന് പത്തനാപുരത്തുകാർ ആവശ്യപ്പെടുന്നു.

താലൂക്ക് ആശുപത്രി

പത്തനാപുരത്ത് ആധുനിക സജ്ജീകരങ്ങളോടെയുള്ള താലൂക്ക് ആശുപത്രിയെന്ന സ്വപ്നത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. താലൂക്ക് ആശുപത്രി നിർമ്മാണത്തിന് സ്ഥലമേറ്റെടുപ്പ് നടത്തിയിട്ടുണ്ടെന്ന് പറയുമ്പോഴും ആശുപത്രി നിർമ്മാണം എങ്ങുമെത്തിയിട്ടില്ല.

വന്യമൃഗ ശല്യത്തിന് തടയിടണം

പിറവന്തൂർ, പത്തനാപുരം പഞ്ചായത്തുകളിൽ കാർഷികവിളകൾ നശിപ്പിക്കുന്ന വന്യമൃഗങ്ങളെ തടയിടാനുള്ള നടപടികൾ ആവശ്യമാണ്. മുള്ളുമല, കാടശ്ശേരി, കിഴക്കേ വെള്ളംതെറ്റി, കറവൂർ, പാടം, മാങ്കോട് എന്നിവിടങ്ങളിൽ ഫെൻസിംഗ് വേലികളും കിടങ്ങുകളും നിർമ്മിച്ച് കാട്ടാന, പുലി, പന്നി എന്നിവയിൽ നിന്ന് കാർഷിക മേഖല സംരക്ഷിക്കണം.

ചെറുകിട കച്ചവടക്കാർക്ക് സംരക്ഷണം

പത്തനാപുരം പഞ്ചായത്ത് ആറുനില ഷോപ്പിംഗ്കോംപ്ലക്സ് നിർമ്മിച്ചപ്പോൾ കുടിയൊഴിപ്പിക്കപ്പെട്ട ചെറുകിട കർഷകരുടെ പുനരധിവാസം സാദ്ധ്യമാക്കണം. പത്തനാപുരം ബസ് സ്റ്റാൻഡിൽ നടത്തുന്ന മത്സ്യലേലം സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാനും എം.എൽ.എയുടെ ഇടപെടൽ ഉണ്ടാകണം.

ജനസമക്ഷ ആവശ്യങ്ങൾ

1. തരിയൻകോട് കടവ്, കുറ്റിക്കടവ് (കുണ്ടയം- പട്ടാഴി റോഡ്) പാലങ്ങൾ
2. പട്ടാഴിയിൽ പൊലീസ് സ്റ്റേഷൻ
3. മേലില ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കുടിവെള്ള വിതരണ പദ്ധതി
4. ആവണീശ്വരം റെയിൽവേ മേൽപാലം
5. വാഴത്തോപ്പ്, പിറവന്തൂർ തടി ഡിപ്പോകളിലെ തൊഴിൽ സംരക്ഷണം
6. കാർഷികവിള, കർഷകർ എന്നിവയുടെ സംരക്ഷണം
7. വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നിലവാരം ഉയർത്തണം
8. മുള്ളുമല, വാഴപ്പാറ എന്നിവ കേന്ദ്രീകരിച്ചുള്ള പ്രകൃതി സൗഹൃദ ടൂറിസം വളർത്തണം