goat
തെരുവുനായ കടിച്ച് പരിക്കേറ്റ ആടിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോകുന്നു

കൊല്ലം: തെരുവുനായകൾ ആക്രമിച്ച് ഗുരുതരമായി പരിക്കേറ്റ ആടിന്റെ രക്ഷകരായി യൂത്ത്‌ കോൺഗ്രസ് പ്രവർത്തകർ. തൃക്കരുവ ഇഞ്ചവിള സ്വദേശിയുടെ ആടിനെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചത്. കുടുംബാംഗങ്ങൾ കൊവിഡ് നിരീക്ഷണത്തിലത്തിലായതിനാൽ ചികിത്സയ്ക്കായി മൃഗാശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞില്ല.

ഗൃഹനാഥൻ അറിയിച്ചതനുസരിച്ച് ഇന്നലെ രാവിലെ സ്ഥലത്തെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കരുവാ റഫീഖ്, വിനു വി. നായർ, ഷാൻ എന്നിവർ ആടിനെ ജില്ലാ മൃഗാശുപത്രിയിൽ എത്തിച്ചു. വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം ആടിനെ തിരികെ വീട്ടിലെത്തിച്ചു.