thodiyur
തൊടിയൂരിലെ യുവജന അടുക്കളയിൽ കൊവിഡ് ബാധിത കുടുംബങ്ങൾക്ക് നൽകാനായി പൊതിച്ചോറ് തയ്യാറാക്കുന്നു

ഓച്ചിറ: തൊടിയൂരിലെ കൊവിഡ് ബാധിത കുടുംബങ്ങൾക്ക് സദ്യനൽകുന്ന യുവജന അടുക്കള ശ്രദ്ധേയമാകുന്നു.

ചോറ്, മീൻകറി, ചീനി, തോരൻ, തക്കാളിക്കറി, പയറുകറി, അവിയൽ എന്നിവയ്ക്ക് പുറമേ ചീര, അഗസ്ത്യച്ചീര, ചാമ്പയ്ക്ക, ഓമയ്ക്ക, വാഴക്കൂമ്പ്, വാഴപ്പിണ്ടി തുടങ്ങി നാട്ടിൻപുറത്തെ വിളകളിൽ നിന്നുള്ള വിവിധ വിഭവങ്ങളാണ് തയ്യാറാക്കി നൽകുന്നത്. ഇടയ്ക്ക് ചില ഞായറാഴ്ച്ചകളിൽ ചിക്കൻ ബിരിയാണിയും നൽകി.

സി.ആർ. മഹേഷ് എം.എൽ.എയുടെ പേരിലുള്ള ഹെൽപ് ഡെസ്കും യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയും ചേർന്ന് നടത്തുന്ന യുവജന അടുക്കള രണ്ടാം ലോക്ഡൗൺ തുടങ്ങിയ ദിവസം മുതൽ സജീവമാണ്. സുമനസുകളിൽ നിന്ന് വലിയ സഹായം ലഭിക്കുന്നുണ്ടെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് നിയാസ് ഇബ്രാഹിം പറഞ്ഞു.