bridge

കേരളകൗമുദിയുടെ ജനപക്ഷ ഇടപെടൽ

കൊല്ലം: ഇരവിപുരത്തും കുണ്ടറയിലും റെയിൽവേ മേൽപ്പാലങ്ങൾ യാഥാർത്ഥ്യമാകുമെന്ന് എം.എൽ.എമാരുടെ ഉറപ്പ്. കാലങ്ങളായി റെയിൽവേ ഗേറ്റുകളിൽ കുരുങ്ങിക്കിടക്കുന്ന ഇരുമണ്ഡലങ്ങളിലെയും ജനങ്ങളുടെ ദുരിതാവസ്ഥ ചൂണ്ടിക്കാട്ടി 'സാമാജികസമക്ഷം ജനപക്ഷം' പംക്തിയിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തകളോട് പ്രതികരിക്കുകയായിരുന്നു എം.എൽ.എമാരായ എം. നൗഷാദും പി.സി. വിഷ്ണുനാഥും.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്തി പൊതു ആരോഗ്യ കേന്ദ്രങ്ങളുടെ സേവനം മെച്ചപ്പെടുത്തുന്ന നടപടികൾക്ക് മുൻതൂക്കം നൽകുമെന്ന് കുണ്ടറ എം.എൽ.എ പി.സി. വിഷ്ണുനാഥ് പറഞ്ഞു. വികസന പ്രവർത്തനങ്ങളിൽ വ്യാപാര സമൂഹത്തെയും തദ്ദേശ സ്ഥാപനങ്ങളെയും മുഖവിലയ്ക്കെടുക്കും. കശുഅണ്ടി മേഖലയിലെ തൊഴിൽനഷ്ടം പരിഹരിക്കുന്നതിന് തൊഴിലുടമകളുമായി ചേർന്ന് പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൊല്ലം തോടിന് കുറുകെയുള്ള ഇരവിപുരം, കച്ചിക്കടവ്, മുണ്ടയ്ക്കൽ പാലങ്ങൾ പുനർനിർമ്മിക്കുമെന്നും നവീകരണം പൂർത്തിയാകുന്ന മുറയ്ക്ക് തോട് വഴിയുള്ള ജലഗതാഗതം ആരംഭിക്കുമെന്നും എം. നൗഷാദ് എം.എൽ.എ പ്രതികരിച്ചു. കൂട്ടിക്കട, പോളയത്തോട് എന്നിവിടങ്ങളിൽ റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാക്കുന്നതിന് സമ്മർദ്ദം ചെലുത്തും. ഇരവിപുരം കാവൽപ്പുര മേൽപ്പാല നിർമ്മാണവും തീരദേശത്ത് പുലിമുട്ട് നിർമ്മാണവും അടിയന്തര പ്രാധാന്യത്തോടെ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

നടപ്പിലാക്കും, എം.എൽ.എമാരുടെ ഉറപ്പ്

കുണ്ടറ

1. ആരോഗ്യകേന്ദ്രങ്ങൾ നവീകരിക്കും
2. ടെക്‌നോപാർക്കിൽ കൂടുതൽ കമ്പനികളെ എത്തിക്കും
3. പഞ്ചായത്തുമായി സഹകരിച്ച് ബസ് ടെർമിനൽ (എം.എൽ.എ ഫണ്ട് ഉപയോഗിക്കും)
4. കുടിവെള്ള ക്ഷാമത്തിന് പരിഹാര പദ്ധതികൾ
5. വ്യവസായ സ്ഥാപനങ്ങളുടെ നവീകരണം
6. ഇളമ്പള്ളൂർ, പള്ളിമുക്ക് എന്നിവിടങ്ങളിൽ റെയിൽവേ മേൽപ്പാലം
7. വ്യാപാരികളുടെ സഹകരണത്തോടെ ഇളമ്പള്ളൂർ - ആറുമുറിക്കട ടൗൺ വികസനം

ഇരവിപുരം

1. പുലിമുട്ട് നിർമ്മാണം
2. ഇരവിപുരം കാവൽപ്പുര റെയിൽവേ മേൽപ്പാലം
3. ഇൻഡോർ സ്റ്റേഡിയം
4. കിളികൊല്ലൂർ തോട് നവീകരണം
5. ഞാങ്കടവ് കുടിവെള്ള പദ്ധതി പൂർത്തീകരണം
6. കല്ലുംതാഴം ഓവർ ബ്രിഡ്ജ്
7. കോളേജ് ജംഗ്‌ഷൻ, പോളയത്തോട് ആർ.ഒ.ബി
8. കൊട്ടിയം ജംഗ്‌ഷൻ വികസനം

" വ്യാപാരികളെയും പൊതുസമൂഹത്തെയും മുഖവിലയ്‌ക്കെടുത്തുള്ള വികസനമായിരിക്കും കുണ്ടറയിൽ നടപ്പിലാക്കുക. അടിസ്ഥാന സൗകര്യങ്ങൾ അടക്കമുള്ളവയ്ക്ക് ആദ്യ പരിഗണന നൽകും" - പി.സി. വിഷ്ണുനാഥ് എം.എൽ.എ

" തീരദേശത്തെ കടൽ കയറ്റത്തിനും റെയിൽവേ ഗേറ്റുകളിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്ന അവസ്ഥയ്ക്കും പരിഹാരം കാണും. കൊല്ലം തോട് വഴിയുള്ള ജലഗതാഗതവും ആരംഭിക്കും" - എം.നൗഷാദ് എം.എൽ.എ