കൊട്ടാരക്കര: മരച്ചീനിക്ക് വിലയില്ല, വിൽപ്പന നടക്കുന്നുമില്ല. ചിലയിടത്ത് കൃഷിയിടങ്ങളിൽ വെള്ളം കയറി വിളവെടുക്കാനുമാകുന്നില്ല. ആകെ ദുരിതത്തിലായിരിക്കുകയാണ് മരച്ചീനി കർഷകർ. എല്ലാ മേഖലയേയും പോലെ കൊവിഡ് വ്യാപനം മരച്ചീനി കർഷകരെയും തകർത്തു. ബാർ ഹോട്ടലുകളിലും സ്റ്റാർ ഹോട്ടലുകളിലും മരച്ചീനിയ്ക്ക് വൻ ഡിമാൻഡായിരുന്നു. ബാറും ഹോട്ടലുകളും അടച്ചിട്ടതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. ആവശ്യക്കാരില്ലാത്തതിനെ തുടർന്ന് ഏക്കറുകണക്കിന് വരുന്ന ഭൂമിയിലെ മരച്ചീനിയുടെ വിളവെടുപ്പ് പ്രതിസന്ധിയിലാണ്.
മഴയും ചതിച്ചു
കഴിഞ്ഞ കുറെ നാളുകളായി തുടർച്ചയായി പെയ്യുന്ന മഴയും മരച്ചീനി കർഷകരെ പ്രതിസന്ധിയിലാക്കി.മഴച്ചീനി മൂട് അഴുകിയും മറ്റും ഉപയോഗ ശൂന്യമായി. മരച്ചീനി വാട്ടി ഉണക്കാനുള്ള സാഹചര്യവും നിലവിലില്ല. ഇരുപത്തിയഞ്ചും മുപ്പതും രൂപയാണ് കമ്പോളത്തിൽ വിൽപ്പന വിലയെങ്കിലും ഉത്പ്പാദകരായ കർഷകർക്ക് രണ്ടു രൂപയാണ് നൽകുന്നത്. വിൽപ്പനക്കാർ മരച്ചീനി തോട്ടത്തിലെത്തി വിളവു പരിശോധിച്ചശേഷം ഒരു മൂടിന് അഞ്ചുരൂപ മാത്രമാണ് നൽകുന്നത്. ഒരു മൂട്ടിൽ ശരാശരി അഞ്ചുകിലോ മരച്ചീനി കാണും. കിലോയ്ക്ക് 25 പ്രകാരം 125 രൂപ. എന്നാൽ ഇപ്പോൾ അഞ്ചുരൂപക്ക് പോലും വാങ്ങാൻ ആളില്ല.
ഹോർട്ടികോർപ്പിൽ പ്രതീക്ഷയർപ്പിച്ച്
കർഷകരുടെ നിരന്തരമായ പരാതിയെ തുടർന്ന് ഹോർട്ടികോർപ്പ് കൃഷിഭവനുകൾ വഴി കർഷകരിൽ നിന്ന് മരച്ചീനി സംഭരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആശ്വാസകരമാണ്.
ഒരുകിലോ മരച്ചീനിയ്ക്ക് വിപണിവില : 25
കർഷകന് ഒരു മൂട് മരച്ചീനിയ്ക്ക് ലഭിക്കുന്ന വില : 5 രൂപ