കൊല്ലം: വനസമ്പത്ത് കൊള്ളയടിക്കുന്ന ബ്രിട്ടീഷ് നയമാണ് രാജ്യത്ത് ഇപ്പോഴും നിലനിൽക്കുന്നതെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ പറഞ്ഞു.കൊല്ലം എസ്.എൻ കോളേജിന്റെയും ഐ.ക്യു.എ.സിയുടെയും ആഭിമുഖ്യത്തിൽ നടന്നുവരുന്ന അഗോറ 2021 അന്താരാഷ്ട്ര വെബിനാർ പരമ്പരയിൽ 'ജൈവവൈവിദ്ധ്യ സംരക്ഷണവും ശാസ്ത്രീയ മാർഗങ്ങളും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നീതിപൂർവമായ ജൈവവൈവിദ്ധ്യ സംരക്ഷണം ജനങ്ങളിലൂടെ മാത്രമേ സാദ്ധ്യമാകൂ. എന്നാൽ വനവാസികളെയും പാവപ്പെട്ട ഗ്രാമീണരെയും വനം കൊള്ളക്കാരായും ക്രിമിനലുകളായും മുദ്രകുത്തുന്ന അവസ്ഥയാണിപ്പോൾ. ഇന്ത്യയിലാകമാനം നടന്നുവരുന്ന വനനശീകരണ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാനേ വനനിയമങ്ങൾക്കും അത് അടിച്ചേൽപ്പിക്കുന്ന വനം വകുപ്പിനും കഴിഞ്ഞിട്ടുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ സ്വാഗതവും വെബിനാർ ജനറൽ കൺവീനർ ഡോ. ജിഷ നന്ദിയും പറഞ്ഞു.