കൊട്ടാരക്കര: വാളകത്ത് വീട് കേന്ദ്രീകരിച്ച് നടന്ന ചാരായ വാറ്റ് കൊട്ടാരക്കര എക്സൈസ് സർക്കിളും സംഘവും കണ്ടെത്തി. വാളകം കുമ്പനാട്ട് കല്ലുവെട്ടാംകുഴി വീട്ടിൽ രാജേന്ദ്രന്റെ വീട്ടിലും പരിസരത്തുമായി സൂക്ഷിച്ചിരുന്ന 115 ലിറ്റർ കോടയും 5 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമാണ് സംഘം കണ്ടെത്തിയത്. എക്സൈസ് സംഘം റെയ്ഡിനെത്തുമ്പോൾ രാജേന്ദ്രൻ

വീടിന്റെ സിറ്റൗട്ടിൽ കോട തയ്യാറാക്കുകയായിരുന്നു. എക്സൈസ് സംഘത്തെ കണ്ട പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് പഞ്ചായത്ത് അംഗത്തെ വരുത്തി നടത്തിയ ഗൃഹ പരിശോധനയിൽ അടുക്കളയിൽ സൂക്ഷിച്ചിരുന്ന അ‌ഞ്ചുലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കസ്റ്റഡിയിലെടുത്തു. റെയ്ഡിന് പ്രിവന്റീവ് ഓഫീസർ എം.എസ്.ഗിരീഷ് സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽകുമാർ, കൃഷ്ണരാജ്, മനാഫ് എന്നിവർ പങ്കെടുത്തു.