coo

 സാമ്പത്തിക സഹായം നഷ്ടമാകുന്നു

കൊല്ലം: ജില്ലയിൽ ദിനംപ്രതി നിരവധിപേർ കൊവിഡ് ബാധിച്ച് മരിക്കുമ്പോഴും സർക്കാർ കണക്കിൽ ഉൾപ്പെടാത്തത് ആശങ്ക പടർത്തുന്നു. സർക്കാരിൽ നിന്ന് പ്രത്യേകിച്ച് സഹായമൊന്നുമില്ലെങ്കിലും കൊവിഡ് ബാധിച്ച് മരിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ കുടുംബങ്ങളെ സന്നദ്ധ സംഘടനകളും സാമുദായിക പ്രസ്ഥാനങ്ങളും സഹായിക്കുന്നുണ്ട്.

ഭൂരിഭാഗം കൊവിഡ് മരണങ്ങളും സർക്കാർ അവഗണിക്കുന്നതിനാൽ പാവപ്പെട്ട കുടുംബങ്ങൾക്ക് ലഭിക്കേണ്ട ധനസഹായം നഷ്ടമാവുകയാണ്. ജില്ലയിലെ മൂന്ന് പ്രധാന ശ്മശാനങ്ങളിൽ മാത്രം ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച 12 പേരുടെ മൃതദേഹം സംസ്കരിച്ചു. എന്നാൽ സർക്കാർ കണക്കിൽ ഒരാൾ മാത്രം മരിച്ചെന്നാണ്. പഞ്ചായത്ത് പ്രദേശങ്ങളിൽ വീടുകളിലും പള്ളികളിലും ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച നിരവധി പേരുടെ സംസ്കാരം നടന്നിട്ടുണ്ട്. ഈ കണക്ക് കൂടി ശേഖരിച്ചാൽ ആരോഗ്യവകുപ്പിന്റെ കൊവിഡ് മരണ സംഖ്യയിലെ പൊള്ളത്തരം കൂടുതൽ വ്യക്തമാകും.

പാരിപ്പള്ളി മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ആശ്രാമം സി.എസ്.എൽ.ടി.സി എന്നിവിടങ്ങളിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ ചികിത്സയിലുള്ളത്. ഇവിടെ മൂന്നിടത്തും കൂടി മാത്രമായി അഞ്ച് മുതൽ 10 വരെയാളുകൾ രണ്ടാം വ്യാപനം മുതൽ പ്രതിദിനം മരിക്കുന്നുണ്ട്. ഇതിന് പുറമേ സ്വകാര്യ ആശുപത്രികളിലും കൊവിഡ് ചികിത്സയിലിരിക്കുന്നവർ മരണമടയുന്നുണ്ട്. പക്ഷെ ഇതൊന്നും ആരോഗ്യവകുപ്പിന്റെ കണക്കിൽ ഉൾപ്പെടുന്നില്ല. സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കാതിരിക്കാനാണ് മരണക്കണക്ക് കുറയ്ക്കുന്നതെന്ന് ആരോപണമുണ്ട്.

പ്രധാന ശ്മശാനങ്ങളിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരം

ശ്മശാനം, തിങ്കളാഴ്ച, ഇന്ന്

പോളയത്തോട്, 6, 5

മുളങ്കാടകം 5,5

പുനലൂർ: 3, 2

രണ്ടാം വ്യാപനത്തിൽ 111 മരണം

സർക്കാരിന്റെ കണക്ക് പ്രകാരം രണ്ടാം കൊവിഡ് വ്യാപനത്തിൽ ജില്ലയിൽ 111 പേർ മരിച്ചു. രണ്ടാം വ്യാപനം സ്ഥിരീകരിച്ച ഏപ്രിൽ പകുതിക്ക് ശേഷമാണ് ഇത്രയധികം പേർ മരിച്ചത്. ജില്ലയിൽ കൊവിഡ് ആദ്യമായി സ്ഥിരീകരിച്ച് മുതൽ ഏപ്രിൽ പകുതി വരെ 363 പേരാണ് മരിച്ചത്. ഇതുവരെ ആകെ 474 പേർ മരിച്ചു.