തിരുവനന്തപുരം : ലോക് ഡൗണിൽ മദ്യശാലകൾ അടഞ്ഞതോടെ മദ്യത്തിനായി പരക്കം പാഞ്ഞ് പൊറുതിമുട്ടിയവരിലധികവും വാറ്റ് പഠിച്ചത് യു ട്യൂബിലൂടെ.
സംസ്ഥാനത്ത് വീടുകളിൽ ചാരായം വാറ്റ് വ്യാപകമായതോടെ എക്സൈസിനും പൊലീസിനും കിടക്കപ്പൊറുതിയില്ലാതായി. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ദിവസവും നിരവധി കോളുകളാണ് വ്യാജവാറ്റും വിൽപ്പനയും സംബന്ധിച്ച് പൊലീസിനെ തേടിയെത്തുന്നത്.
വാറ്റ് കൂടിയതോടെ സൂപ്പർ മാർക്കറ്റുകളിലുൾപ്പെടെ ശർക്കരയുടെയും പഞ്ചസാരയുടെയും വിൽപ്പന വർദ്ധിച്ചു. ആയുർവേദ മരുന്നുകൾ, ഈത്തപ്പഴം , പൈനാപ്പിൾ ഉൾപ്പെടെയുള്ള പഴങ്ങൾ, യീസ്റ്റ് എന്നിവയ്ക്കും വാറ്റ് വർദ്ധിച്ചതോടെ ഡിമാന്റ് കൂടി. കഴിഞ്ഞദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ പിടിയിലായവരിൽ ഏറിയപങ്കും ഇത്തരത്തിൽ വീടുകളിൽ തന്നെ ചാരായം വാറ്റുന്നതിനിടെയാണ് കുടുങ്ങിയത്.
ആദ്യഘട്ടത്തിൽ തുരുത്തുകളും ഒറ്റപ്പെട്ട ഇടങ്ങളും കേന്ദ്രീകരിച്ച് വ്യാജവാറ്റ് സംഘങ്ങൾ സജീവമായതോടെ പൊലീസും എക്സൈസും കർശന പരിശോധനയുമായി രംഗത്തിറങ്ങിയിരുന്നു. ഇക്കാലയളവിൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ നിരവധി പേരാണ് പിടിയിലായത്. ഇതോടെയാണ് പലരും വീട്ടിൽ തന്നെ പ്രഷർ കുക്കറും മറ്റും ഉപയോഗിച്ച് ചാരായം വാറ്റാൻ ആരംഭിച്ചത്. ആവശ്യക്കാരേറെയുള്ളതിനാൽ ലിറ്ററിന് 2,000 മുതൽ 3,000 രൂപവരെയാണ് ‘പുത്തൻവാറ്റുകാർ’ ഈടാക്കുന്നത്.
അമോണിയപോലെ ശരീരത്തിന് ഹാനികരമായ രാസവസ്തുക്കൾ അശാസ്ത്രീയമായ അളവിൽ ഉപയോഗിച്ചും പലയിടത്തും ചാരായം നിർമ്മിക്കുന്നുണ്ട്. ഇത് അപകടഭീതിയ്ക്ക് ഇടയാക്കുന്നുണ്ട്. വീടുകളിൽ സ്വന്തം ആവശ്യത്തിന് വാറ്റി ഉപയോഗിക്കുന്നവരേക്കാൾ അപകടകാരികളാണ് വില്പന ലക്ഷ്യം വച്ച് രാസവസ്തുക്കൾ ഉപയോഗിക്കുന്നവർ. അതിനാൽ വ്യാവസായിക അടിസ്ഥാനത്തിൽ വാറ്റുന്നവരെ കണ്ടെത്താൻ നാടൊട്ടുക്ക് നിരീക്ഷണം ശക്തമാക്കിയതായി എക്സൈസും പൊലീസും അറിയിച്ചു. ചിലയിടങ്ങളിൽ പലചരക്ക് കടകളിലും മറ്റും ചാരായം വാറ്റുന്നതിനുള്ള സാമഗ്രികൾ ഉൾപ്പെടുത്തി ‘വാറ്റ് കിറ്റു’കൾ വിൽക്കുന്നതായും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.
ചാരായം ഒഴുകുന്നു
ലോക്ഡൗൺ കാലത്ത് സാമൂഹികമാദ്ധ്യമങ്ങളും ഇന്റർനെറ്റും നോക്കി വാറ്റുന്ന യുവാക്കളുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
നേരത്തേ, വാറ്റിന്റെ പിടിയിലമർന്നപ്പോൾ എക്സൈസ് 'നിർവീര്യ' മാക്കിയ ഇടങ്ങളിലാണ് പൂർവാധികം ശക്തിയോടെ ചാരായം ഒഴുക്കുന്നത്.
നിർമ്മിക്കുന്നത് ഒരു സ്ഥലത്താണെങ്കിൽ വില്പന പല സ്ഥലത്താണ്. ഇതുമൂലം വാറ്റു കേന്ദ്രങ്ങളിൽ നിന്ന് കലക്കിവച്ച വാഷ് മാത്രമാണ് മിക്കപ്പോഴും എക്സൈസിനും പൊലീസിനും കണ്ടെത്താനാകുന്നത്. വേനൽ മഴയ്ക്ക് പിന്നാലെ കാലവർഷം കൂടി കനക്കുന്നതോടെ പല സ്ഥലങ്ങളിലും വാറ്റ് കൂടാനാണ് സാദ്ധ്യതയെന്ന് എക്സൈസ് സമ്മതിക്കുന്നു. വനമേഖലകളിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും ഗ്യാസ് സ്റ്റൗ ഉപയോഗിച്ച് വാറ്റുകേന്ദ്രങ്ങൾ സജീവമാകാനിടയുള്ളതായി ഇന്റലിജൻസും മുന്നറിയിപ്പ് നൽകികഴിഞ്ഞു. മഴക്കാലത്ത് രാത്രി കാല വാഹന പരിശോധനയും മറ്റും കുറയാനുള്ള സാദ്ധ്യത കണക്കിലെടുത്ത് മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും കടത്തും കൂടും.
#ട്രെയിനിൽ നിന്ന് പിടിച്ചത് ആയിരം ലിറ്ററിലധികം മദ്യം
ലോക്ഡൗണിൽ മദ്യഷാപ്പുകൾ അടച്ച കേരളത്തിലേക്ക് തീവണ്ടി വഴി മദ്യകടത്ത് കൂടി. ഈമാസം ഇതുവരെ ആയിരത്തോളം ലിറ്റർ മദ്യം ആർ.പി.എഫ് പിടിച്ചു. റോഡ് മാർഗം കൊവിഡ് പരിശോധനയും രജിസ്ട്രേഷനും കടുപ്പിച്ചതോടെയാണ് തീവണ്ടിവഴിയുള്ള കടത്ത് ഏറിയത്.
നിലവിൽ നേത്രാവതി, മംഗള തീവണ്ടികളാണ് കൊങ്കണിലൂടെ അതിർത്തി കടന്നെത്തുന്നത്. ഈ വണ്ടികളിൽനിന്ന് പിടിച്ചവയിൽ കൂടുതലും ഗോവൻ നിർമ്മിത വിദേശമദ്യമാണ്. സ്ലീപ്പർ, എ.സി. കോച്ചുകളിൽ സീറ്റിനടിയിലും കക്കൂസിലും ഒളിച്ചുവച്ചാണ് കടത്തുന്നത്. പൊലീസിന്റെ കണ്ണിൽ പെട്ടില്ലെങ്കിൽ ദൂരെ മാറിയിരിക്കുന്ന യാത്രക്കാരൻ മദ്യബാഗ് സുരക്ഷിതമായി സ്റ്റേഷനിൽ ഇറക്കും. 350 രൂപയുടെ കുപ്പി 1200 രൂപയ്ക്ക് വിൽക്കും. പറഞ്ഞുറപ്പിക്കുന്നതിനാൽ അഞ്ചുമിനിറ്റിനുള്ളിൽ കച്ചവടം തീരും.
ഒരാഴ്ചയ്ക്കുള്ളിൽ കണ്ണൂർ, വടകര, തലശ്ശേരി ഭാഗത്തെ പരിശോധനയിൽ തീവണ്ടിയിൽനിന്ന് 500-ഓളം കുപ്പി മദ്യം പിടിച്ചതായി ആർ.പി.എഫ് അറിയിച്ചു.
ഞായറാഴ്ച നേത്രാവതി എക്സപ്രസിൽനിന്ന് 75 കുപ്പി ഗോവൻ നിർമ്മിത വിദേശമദ്യം പിടിച്ചു.
ഞായറാഴ്ച പുലർച്ചെ കാസർകോട്ടുവച്ച് മംഗള എക്സ്പ്രസിൽനിന്ന് 34 കുപ്പി മദ്യവും ശനിയാഴ്ച വടകരയിൽവച്ച് മംഗള എക്സ്പ്രസിൽനിന്ന് 124 കുപ്പി മദ്യവും പിടിച്ചു. രണ്ടുദിവസം മുമ്പ് കണ്ണൂരിൽനിന്ന് 101 കുപ്പിയാണ് പിടിച്ചത്.ലോക്ഡൗൺ കാലയളവിൽ അരിഷ്ടത്തിനും ഡിമാൻഡ് ഏറെയാണ്. ഇതിനോടകം പലയിടത്തും വൈദ്യശാലകളിൽനിന്ന് അനധികൃതമായ വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന വീര്യമേറിയ അരിഷ്ടം പിടിച്ചെടുത്തിട്ടുണ്ട്. ഇവിടെയെല്ലാം വൈദ്യശാല നടത്തിപ്പുകാരുടെ ലൈസൻസ് റദ്ദ് ചെയ്തിട്ടുണ്ട്.