മൂന്ന് സാമൂഹിക അടുക്കളകൾ തുറന്നു
ഇന്നലെ 3261 പേർക്ക് ഭക്ഷണം നൽകി
കൊല്ലം: കൊവിഡ് ബാധിച്ച് അവശതയിൽ കഴിയുന്നവർക്കും ലോക്ക് ഡൗണിൽ അന്നം മുട്ടിയവർക്കുമായി നഗരസഭ മൂന്ന് സാമൂഹിക അടുക്കളകൾ തുറന്നു. രണ്ട് ദിവസം മുമ്പ് വരെ ഇവർക്ക് കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളിൽ നിന്നാണ് നഗരസഭ സൗജന്യമായി ഭക്ഷണം എത്തിച്ചിരുന്നത്. നഗരത്തിൽ വീടുകളിൽ ചികിത്സയിൽ കഴിയുന്ന കൊവിഡ് ബാധിതരിൽ ശാരീരിക അവശതകളുള്ളവരുടെ എണ്ണം കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് സാമൂഹിക അടുക്കളകളുടെ പ്രവർത്തനമാരംഭിച്ചത്.
തിങ്കളാഴ്ച കുരീപ്പുഴ ഗവ. എൽ.പി.എസിലും ചൊവ്വാഴ്ച വടക്കേവിള എ.ആർ.എം ഓഡിറ്റോറിയത്തിലും സാമൂഹിക അടുക്കളകൾ തുറന്നു. ഇന്നലെ കൊല്ലം ടൗൺ ഹാളിലും പ്രവർത്തനം ആരംഭിച്ചു. റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി) അംഗങ്ങൾ മുഖേന ഓരോ പ്രദേശത്തിന്റെയും ചുമതലയുള്ള ഹെൽത്ത് ഇൻസ്പെക്ടർമാരാണ് അർഹരായവരെ തിരഞ്ഞെടുക്കുന്നത്. മൂന്നിടത്ത് നിന്നുമായി പ്രതിദിനം മൂവായിരത്തലധികം പേർക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.
ആർ.ആർ.ടി അംഗങ്ങളാണ് സാമൂഹിക അടുക്കളകളിൽ നിന്ന് വീടുകളിൽ ഭക്ഷണമെത്തിക്കുന്നത്. സ്ഥിരംസമിതി അദ്ധ്യക്ഷരായ എസ്. ജയൻ, ജി. ഉദയകുമാർ, എ.കെ. സവാദ് എന്നിവർക്കാണ് ഓരോ സമൂഹ്യ അടുക്കളയുടെയും ചുമതല. മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ യു. പവിത്ര എന്നിവർക്കാണ് മൊത്തത്തിലുള്ള മേൽനോട്ടം.
സുമനസുകളുടെ സഹായം വേണം
നിലവിൽ നഗരസഭയുടെ തനത് ഫണ്ടിൽ നിന്നാണ് സാമൂഹിക അടുക്കളകൾക്കുള്ള പണം ചെലവാക്കുന്നത്. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് സാമൂഹിക അടുക്കളകൾക്ക് വൻതോതിൽ സഹായം ലഭിച്ചിരുന്നു. ഇത്തവണ ഇതുവരെ കാര്യമായ സഹായമൊന്നും ലഭിച്ചിട്ടില്ല.
വിഭവങ്ങൾ
രാവിലെ: ഇഡലി, സാമ്പാർ, ചമ്മന്തി അല്ലെങ്കിൽ ദോശ, കടലക്കറി, ചമ്മന്തി
ഉച്ചയ്ക്ക്: ചോറ്, സാമ്പാർ, രസം, അവിയൽ, തോരൻ, അച്ചാർ (ഇടയ്ക്ക് മീൻകറി/ചിക്കൻകറി)
രാത്രി: ചപ്പാത്തി വെജിറ്റബിൾ കുറുമ