കുന്നത്തൂർ: രാജസ്ഥാനിൽ വാഹനാപകടത്തിൽ മരിച്ച സൈനികന് ഇന്ന് ജന്മനാടിന്റെ യാത്രാമൊഴി. പോരുവഴി വടക്കേമുറി ചാത്താകുളം പുത്തൻപുരയിൽ ലാലു.പി.ജോയിയാണ് (40) കഴിഞ്ഞ ദിവസം മരിച്ചത്.
ജെയ്‌പൂരിൽ ഹവീൽദാറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ആഹാരം കഴിക്കുന്നതിന് ക്വാർട്ടേഴ്സിലേക്ക് പോകവേ സഞ്ചരിച്ചിരുന്ന ബൈക്കിൽ മിലിട്ടറിയുടെ ടാങ്കർ ലോറി ഇടിച്ചാണ് അപകടം. ഇന്നലെ രാത്രി 11ഓടെ തിരുവനന്തപുരം എയർപോർട്ടിൽ എത്തിച്ച മൃതദേഹം പാങ്ങോട് സൈനിക ക്യാമ്പ് അധികൃതർ ഏറ്റുവാങ്ങി. പാങ്ങോട് ക്യാമ്പിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ 7ന് ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ഏറ്റുവാങ്ങും. തുടർന്ന് പോരുവഴിയിലെത്തിച്ച് ചക്കുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലും ചാത്താകുളത്തെ ജന്മഗൃഹത്തിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊതുദർശനത്തിന് വയ്ക്കും.
ഉച്ചയോടെ പോരുവഴി കൊച്ചേരിമുക്ക് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ: ലിങി ലാലു. മക്കൾ: കെസിയ, കെവിൻ, കെൽവിൻ.