എഴുകോൺ: ആഫ്രിക്കൻ ഒച്ചിനെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് എഴുകോൺ നിവാസികൾ.
പഞ്ചായത്തിലെ പോച്ചംക്കോണം, മുക്കണ്ടം, ചാങ്കൂർ, മൂലകട ഭാഗങ്ങളിലാണ് ഒച്ച് വ്യാപകമായുള്ളത്.ലോകത്തെ അതി നികൃഷ്ടരായ അക്രമിജീവിവർഗങ്ങളിൽ ഒന്നാണ് അക്കാറ്റിന ഫുലിക്ക എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഈ ഭീമൻ ആഫ്രിക്കൻ ഒച്ച്. കാർഷികവിളകളുടെ നാശം മാത്രമല്ല, ദുർഗന്ധമുള്ള കാഷ്ഠവും സ്രവവും കൊണ്ട് കുടിവെള്ള സ്രോതസുകൾ മലിനമാകുന്നതാണ് ഏറ്റവും വലിയ ഭീഷണി.
സർവകക്ഷി യോഗം ചേർന്നു
എഴുകോണിൽ പഞ്ചായത്ത്, കൃഷി ഭവൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ഒച്ച് നിവാരണത്തിനായി തീവ്ര പരിപാടികൾ ആരംഭിക്കാൻ തീരുമാനിച്ചു.എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രതീഷ് കിളിത്തട്ടിലിന്റെ അദ്ധ്യക്ഷതയിൽ സർവകക്ഷി യോഗം ചേർന്നു. ജില്ലാ കൃഷി ഓഫീസർ എസ്. ഗീതാ കുമാരി, കൊല്ലം ആത്മ പ്രോജക്ട് ഡയറക്ടർ എസ്. ആർ. രാജേശ്വരി, വെള്ളായണി കാർഷിക സർവകലശാല അസി.പ്രൊഫസർ ഡോ.നാരായണൻ, സദാനന്ദപുരം കാർഷിക വിജ്ഞാന കേന്ദ്രം അസി.പ്രൊഫസർ ഡോ.എം.ലേഖ, കൊട്ടാരക്കര കൃഷി അസി. ആർ.ജയശ്രീ എന്നിവർ ബോധവത്കരണ ക്ലാസ് നയിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആതിര ജോൺസൺ, സെക്രട്ടറി ഫ്ലാസിലാസ്, എഴുകോൺ കൃഷി ഓഫീസർ അനുഷ്മ, അസി. കൃഷി ഓഫീസർ ഷീജ ഗോപാൽ എന്നിവർ നേതൃത്വം നൽകി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശിവ പ്രസാദ്, വൈസ് പ്രസിഡന്റ് അഡ്വ. സുമാ ലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗംങ്ങളായ കനകദാസ്, മിനി അനിൽ, പഞ്ചായത്ത് വാർഡ് അംഗങ്ങൾ, സി.പി.എം ഈസ്റ്റ് എൽ.സി സെക്രട്ടറി എം.പി. മനേക്ഷ, സി.പി.ഐ എൽ.സി സെക്രട്ടറി വി. അനിൽകുമാർ, കോൺഗ്രസ് എഴുകോൺ മണ്ഡലം പ്രസിഡന്റ് പി. ഗണേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
പരിസര ശുചീകരണമാണ് ഇവയെ തുരത്താനുള്ള പ്രധാന വഴി. എല്ലാവരും അവരവരുടെ സ്ഥലം വൃത്തിയായി സൂക്ഷിക്കുക. നനഞ്ഞ ചണച്ചാക്ക് വിരിച്ച് ഒച്ചിനെ ആകർഷിക്കുന്ന ഭക്ഷ്യവസ് തുക്കൾ (കാബേജ് ഇല/ പപ്പായ ഇല /പഴം തുടങ്ങിയവ) നിരത്തുക. ഇവയിലേക്ക് ഒച്ച് ആകർഷിച്ചെത്തും. ഇങ്ങനെ കൂട്ടം കൂടുന്ന ഒച്ചുകളുടെ മേൽ പുകയിലക്കഷാമോ തുരിശ് മിശ്രിതമോ തളിച്ച് കൊല്ലാനാണ് സംസ്ഥാന വനഗവേഷണ കേന്ദ്രം ശുപാർശചെയ്യുന്നത്.
ഡോ.നാരായണൻ, അസി.പ്രൊഫസർ,
വെള്ളായണി കാർഷിക സർവകലശാല
കേരള കാർഷിക സർവകലാശാല, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ ഉൾകൊണ്ട് ആഫ്രിക്കൻ ഒച്ച് നിവാരണത്തിനായി അടിയന്തര പദ്ധതികൾ രൂപീകരിച്ച് നടപ്പിലാകും.
അഡ്വ. രതീഷ് കിളിത്തിട്ടിൽ
പ്രസിഡന്റ്
എഴുകോൺ പഞ്ചായത്ത്