അഞ്ചൽ: സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷനിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി മാനേജിംഗ് ഡയറക്ടർ എസ്.കെ. സുരേഷ് പറഞ്ഞു. അതിന്റെ ഭാഗമായി മാസ്ക്, സാനിറ്റൈസർ, ആരോഗ്യകിറ്റ്, ഭക്ഷ്യകിറ്റ് എന്നിവ നൽകിവരുന്നു. ഹെൽത്ത് വോളണ്ടിയറായി പ്രവർത്തിക്കുന്ന കോർപ്പറേഷൻ ജീവനക്കാർക്ക് പി.പി.ഇ കിറ്റ് അടക്കം സുരക്ഷാ ഉപകരണങ്ങൾ നൽകിയിട്ടുണ്ട്. കൂടാതെ കൊവിഡ് ബാധിതർക്കും നിരീക്ഷണത്തിലുള്ളവർക്കും പ ൾസ് ഓക്സീമീറ്ററുകളും നൽകി. സർക്കാർ പ്രഖ്യാപിച്ച കൊവിഡ് നിയന്ത്രങ്ങളുടെ ഭാഗമായി സർക്കാർ അനുമതിയോടെയുള്ള പ്രവൃത്തികൾ മാത്രമാണ് ഇപ്പോൾ കോർപ്പറേഷനിൽ നടക്കുന്നതെന്നും എം.ഡി. എസ്.കെ. സുരേഷ് പറഞ്ഞു. ചെരിപ്പിട്ടകാവ് എസ്റ്റേറ്റിൽ ഏതാനും തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഉടൻതന്നെ എസ്റ്റേറ്റ് അടയ്ക്കുകയും കർശന നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. കൊവിഡ് ബാധിതരെ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുളള ഡി.സി.സി.യിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് ചെരിപ്പിട്ടകാവ് എസ്റ്റേറ്റിലെ മുഴുവൻ തൊഴിലാളികൾക്കും കൊവിഡ് പരിശോധന നടത്തി. 204 തൊഴിലാളികളെ പരിശോധിച്ചതിൽ പതിനാല് പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചതെന്ന് കോർപ്പറേഷൻ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സുകൃത് സി. നാരായണൻ പറഞ്ഞു.