whatsaap

കൊല്ലം: വിദ്യാർത്ഥികൾക്ക് വാട്സ് ആപ്പിലൂടെ പ്രവേശനം നൽകാൻ സ്കൂൾ അധികൃതർ. ഹെഡ്മാസ്റ്ററുടെയോ അദ്ധ്യാപകരുടെയോ വാട്സ്ആപ്പിൽ വിദ്യാർത്ഥിയുടെ പേരും മറ്റ് വിവരങ്ങളും നൽകിയാൽ മതി പ്രവേശനം ഉറപ്പാകും. വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പോർട്ടലായ സമ്പൂർണ വഴിയും പ്രവേശനം നടക്കുന്നുണ്ട്.

കൊവിഡ് വ്യാപനത്തിനിടയിൽ ലോക്ക്ഡൗൺ കൂടിയെത്തി പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് സ്കൂൾ അധികൃതർ വാട്സ് ആപ്പ് അടക്കമുള്ള നവമാദ്ധ്യമങ്ങളുടെ സാദ്ധ്യത പ്രയോജനപ്പെടുത്തുന്നത്. മാസങ്ങൾക്ക് മുമ്പേ തന്നെ സ്കൂളുകളിൽ പ്രവേശനം തുടങ്ങിയിരുന്നു. രണ്ടാഴ്ച മുമ്പാണ് സമ്പൂർണ വഴി പ്രവേശനം തുടങ്ങിയത്. പക്ഷെ ലോക്ക്ഡൗണിൽ അക്ഷയകേന്ദ്രങ്ങളെല്ലാം അടഞ്ഞു. ഫോൺ വഴി സമ്പൂർണയിൽ കയറാൻ അറിയാത്തവർക്ക് വേണ്ടി കൂടിയാണ് വാട്സ്ആപ്പ് വഴിയുള്ള സേവനം.

രേഖകൾ ഹാജരാക്കണം

സമ്പൂർണയിൽ സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളുടെയും പേരും മീഡിയവും ഉണ്ട്. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ആധാറും ജനനസർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യാനുള്ള ക്രമീകരണവുമുണ്ട്. ഇവ നൽകിയില്ലെങ്കിലും പ്രവേശനം ഉറപ്പാകും. ലോക്ക്ഡൗൺ പിൻവലിക്കുമ്പോൾ ഈ രേഖകൾ സ്കൂളുകളിൽ ഹാജരാക്കണം. ജില്ലയിൽ ഒന്നാം ക്ലാസിൽ ആകെ പ്രവേശനം നേടിയവരുടെ എണ്ണം കണക്കാക്കാൻ വൈകും. കഴിഞ്ഞവർഷം സ്കൂൾ തുറന്ന ശേഷം അഡ്മിഷനെടുക്കാൻ കാത്തിരുന്നവരുണ്ട്. അതുകൊണ്ട് തന്നെ അവസാന ടേമിലും കഴിഞ്ഞവർഷം ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം നടന്നു. സ്വകാര്യ സ്കൂളുകളിലും അഡ്മിഷൻ തകൃതിയായി നടക്കുകയാണ്.