കൊല്ലം: സഹോദര്യത്തിന്റെ പര്യായമായ ലക്ഷദ്വീപിൽ അശാന്തിയുടെയും വർഗീയതയുടെയും വിത്തുപാകാനുള്ള ശ്രമം അനുവദിക്കാനാവില്ലെന്ന് മഹാത്മാ ഗാന്ധിയുടെ ചെറുമകനും മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ ദേശീയ ചെയർമാനുമായ തുഷാർ ഗാന്ധി പറഞ്ഞു. ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച 'സേവ് ലക്ഷദ്വീപ്' ക്യാമ്പയിന്റെ ഭാഗമായി നടന്ന വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലക്ഷദ്വീപിലെ ജനങ്ങളുടെ സുരക്ഷിതത്വവും സ്വാശ്രയത്വവും ഉറപ്പുവരുത്തണം. അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയും ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളും ദ്വീപിൽ ഏർപ്പെടുത്തണം. ജനങ്ങളുടെ ഉത്കണ്ടയും ഭീതിയുമകറ്റി സമാധാനമുള്ള ജീവിതമുറപ്പാക്കാൻ പ്രഫുൽ ഖോഡ പട്ടേലിനെ തിരികെ വിളിച്ച് പകരം ജനകീയ അഡ്മിനിസ്ട്രേറ്ററെ നിയമിക്കണമെന്നും തുഷാർ ഗാന്ധി ആവശ്യപ്പെട്ടു.

വെബിനാറിൽ ഫൗണ്ടേഷൻ സംസ്ഥാന ചെയർമാർ എസ്. പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഫാ. ഡോ. ഒ. തോമസ്‌, ഡോ. മണി എസ്. അഴിക്കോട്, അഡ്വ. എൻ. സുഗതൻ, പി.എ. അസീസ്, സുബൈർ വള്ളക്കടവ്, പ്രൊഫ. മോഹൻദാസ്, സോണി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.