boat

 ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ ജൂലായ് 31വരെ

കൊല്ലം: ഇനി 13 ദിവസം കൂടിയേ യന്ത്രവത്കൃത ബോട്ടുകൾക്ക് കടലിൽ വലയെറിയാനാകു. പിന്നെ ആഴക്കടലിന് 52 ദിവസം ശാന്തത. മത്സ്യപ്രജനനത്തെ ബാധിക്കാതിരിക്കാൻ ജൂൺ 9ന് അർദ്ധരാത്രി മുതൽ ജൂലായ് 31 വരെ ട്രോളിംഗ് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചു. ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഇന്നലെ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.

തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ വരെ യന്ത്രവത്കൃത ബോട്ടുകൾക്കാണ് നിയന്ത്രണം. ഔട്ട് ബോർഡ്, ഇൻബോർഡ് എൻജിനുകൾ ഘടിപ്പിച്ച വള്ളങ്ങൾക്കും കട്ടമരം അടക്കമുള്ള പരമ്പരാഗത യാനങ്ങൾക്കും കടലിൽ പോകാം. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതൽ ബോട്ടുകൾ കടലിൽ പോകുന്ന ശക്തികുളങ്ങര ഹാർബറിൽ ജൂൺ 9ന് അർദ്ധരാത്രി ആരവങ്ങൾ നിലയ്ക്കും. പരമ്പരാഗത വള്ളങ്ങൾ ഉപയോഗിക്കുന്ന നീണ്ടകരയിലും കൊല്ലം തീരത്തും മത്സ്യബന്ധനം തുടരും.

പ്രതിസന്ധിയുടെ കാലം

കൊവിഡ് നിയന്ത്രണങ്ങളും കാലാവസ്ഥാ മുന്നറിയിപ്പും കാരണം ഹാർബറുകൾ നിരന്തരം അടഞ്ഞുകിടക്കുന്നതിനിടയിലാണ് ട്രോളിംഗ് നിരോധനം വരുന്നത്. വലിയ ബോട്ടുകളിലെ തൊഴിലാളികൾ, ഹാർബറുകളിലെ വിവിധ തരം തൊഴിലാളികൾ, മത്സ്യക്കച്ചവടക്കാർ, വിവിധ പ്രോസസിംഗ് യൂണിറ്റുകളിലെ തൊഴിലാളികൾ എന്നിവരെല്ലാം ട്രോളിംഗ് നിരോധന കാലത്ത് കടുത്ത പ്രതിസന്ധിയിലാകും. എന്നാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഈ കാലയളവിൽ മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നതാണ് പതിവ്.

തിരിച്ചറിയൽ രേഖ നിർബന്ധം

ട്രോളിംഗ് നിരോധന കാലത്ത് കടലിൽ പോകുന്ന പരമ്പരാഗത യാനങ്ങളിലെ മത്സ്യത്തൊഴിലാളികൾക്ക് ജീവൻരക്ഷാ ഉപകരണങ്ങൾ, തിരിച്ചറിയൽ രേഖ, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാക്കാൻ ഇന്നലെ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു.

ലോക്കാകുന്നത്

ബോട്ടുകൾ: 1,300

മത്സ്യത്തൊഴിലാളികൾ: 15,000

അനുബന്ധ തൊഴിലാളികൾ: 25,000

''

നിയന്ത്രണം ലംഘിച്ച് ഏതെങ്കിലും ബോട്ടുകൾ മത്സ്യബന്ധനം നടത്തിയാൽ പിടികൂടാൻ മൂന്ന് പ്രത്യേക കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. ഇവിടങ്ങളിൽ നിന്ന് മൂന്ന് ബോട്ടുകൾ നിരന്തരം കടലിൽ പട്രോളിംഗ് നടത്തും.

തീരദേശ പൊലീസ്