chadayamangalam
chadayamangalam

കൊല്ലം: ടൂറിസം ഭൂപടത്തിൽ ഇടം നേടിയെങ്കിലും പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തിൽ പിന്നാക്കം നിൽക്കുകയാണ് ചടയമംഗലം. മികച്ച ഒരു ആശുപത്രിയോ ഉപരി പഠനത്തിനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള സൗകര്യങ്ങളോ മണ്ഡലത്തിലില്ല. ജടായു ടൂറിസത്തിന്റെ പേരിൽ ലോകശ്രദ്ധ ആകർഷിച്ച മണ്ഡലത്തിൽ പശ്ചാത്തല സൗകര്യവികസനത്തിന് ഊന്നൽ നൽകുന്ന പദ്ധതികൾ നടപ്പിലാക്കണമെന്നാണ് ജനപക്ഷ ആവശ്യങ്ങൾ. ജില്ലയിൽ പൊതുമരാമത്ത് റോഡുകൾ കൂടുതലുള്ള മണ്ഡലം കൂടിയാണിത്. കിഫ്‌ബി ഫണ്ടിൽ ചില റോഡുകൾ നവീകരിച്ചിട്ടുണ്ടെങ്കിലും മണ്ഡലത്തിലെ മിക്ക റോഡുകളുടെയും അവസ്ഥ പരിതാപകരമാണ്. ഓയൂർ, കടയ്ക്കൽ, റോഡുവിള, ചിങ്ങേലി എന്നിവിടങ്ങളിലെ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്ന ആവശ്യവുമുണ്ട്.

കടലാസിലൊതുങ്ങിയ അഗ്നിശമന നിലയം

ഓയൂർ കേന്ദ്രീകരിച്ച് അഗ്നിശമന നിലയം സ്ഥാപിക്കുമെന്ന വാഗ്ദാനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നിലയം സ്ഥാപിക്കുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓയൂരിൽ സ്ഥലം ഏറ്റെടുത്തിട്ട് പത്ത് വർഷത്തിന് മുകളിലായി.

കടയ്ക്കൽ താലൂക്ക് ആശുപത്രി

മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ കടയ്ക്കലിൽ താലൂക്ക് ആശുപത്രി നിർമ്മിക്കണം. അടിയന്തര സാഹചര്യങ്ങളിൽ സ്വകാര്യ ആശുപത്രികളെയും തിരുവനന്തപുരം ജില്ലയേയും ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.

കോട്ടയ്ക്കൽ കൃഷിഫാം

കോട്ടയ്ക്കൽ കൃഷിഫാം ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്പോർട്സ് അക്കാദമി സ്ഥാപിക്കുമെന്നുള്ള തീരുമാനത്തെ തുടർന്ന് സ്പോർട്സ് അതോറിറ്റി (സായി) സ്ഥലം ഏറ്റെടുത്തിരുന്നു. എന്നാൽ പദ്ധതിയിൽ നിന്ന് സായി പിന്മാറിയ സാഹചര്യത്തിൽ സ്ഥലം തിരികെ വാങ്ങി കാർഷിക യൂണിവേഴ്‌സിറ്റിയുടെ കീഴിൽ പദ്ധതികൾ നടപ്പിലാക്കണം.

ജനപക്ഷ ആവശ്യങ്ങൾ

1. ഓയൂർ ആരോഗ്യകേന്ദ്രം സാമൂഹികാരോഗ്യകേന്ദ്രമാക്കി കിടത്തി ചികിത്സ ആരംഭിക്കണം
2. ചടയമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോ നിലവാരമുയർത്തി ഗ്രാമീണ സർവീസുകൾ വർദ്ധിപ്പിക്കണം
3. ഓയൂരിൽ കെ.എസ്.ആർ.ടി.സി കൺട്രോളിംഗ് ഓഫീസ്
4. ആയൂർ-ഇത്തിക്കര റോഡ് സംസ്ഥാന പാതയാക്കി വികസിപ്പിക്കണം
5. ചടയമംഗലത്ത് മിനി സിവിൽ സ്റ്റേഷൻ,​ഇൻഡോർ സ്റ്റേഡിയം
6 റോഡുവിള മൃഗാശുപത്രി പുനരുദ്ധാരണം
7. താലൂക്ക് വിഭജനം പൂർത്തീകരിക്കണം
8. ഇളമാട്, പൂയപ്പള്ളി, അമ്പലംകുന്ന് കേന്ദ്രീകരിച്ച് സർക്കാർ ആർട്സ് കോളേജ്
9. വെളിനല്ലൂർ, ആക്കൽ കല്ലടത്തണ്ണിയിൽ പ്രുകൃതി സൗഹാർദ്ദ ടൂറിസം വികസനം