manikandhan-r-53

കൊട്ടാരക്കര: പിതാവിന്റെ മരണ വിവരം അറിഞ്ഞ് വയനാട്ടിൽ നിന്ന് സഹപ്രവർത്തകനെ വീട്ടിലേയ്ക്ക് കൊണ്ടുവരുന്നതിനിടെ കാർ മതിലിൽ ഇടിച്ച് കൃഷി അസി. ഡയറക്ടർ മരിച്ചു. വയനാട് പനമരം ബ്ലോക്ക് അസി. ഡയറക്ടർ ആർ. മണികണ്ഠനാണ് (53) മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് കൃഷി ഡെപ്യൂട്ടി ഡറക്ടർമാർക്ക് നിസാര പരിക്കേറ്റു.

ബുധനാഴ്ച പുലർച്ചെ ഒന്നോടെ ഇഞ്ചക്കാട് തിരുവേളിക്കോട് ക്ഷേത്രത്തിന് സമീപമാണ് മണികണ്ഠൻ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചത്. അപകടശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മണികണ്ഠൻ മരിച്ചിരുന്നു.

സഹപ്രവർത്തകനായ കൊട്ടാരക്കര നീലേശ്വരം സ്വദേശിയും കൃഷി ഡെപ്യൂട്ടി ഡയറക്ടറുമായ എ. സുനിൽ കുമാറിന്റെ പിതാവ് അപ്പുക്കുട്ടൻ പിള്ളയുടെ മരണ വിവരം അറിഞ്ഞ് സുനിലുമായി കൊട്ടാരക്കരയ്ക്ക് വരുമ്പോഴായിരുന്നു അപകടം. മറ്റൊരു കൃഷി ഡെപ്യൂട്ടി ഡയറക്ടറായ സിബിയും കാറിലുണ്ടായിരുന്നു. തവിഞ്ഞാൽ മക്കിക്കൊല്ലി അമൃത നിവാസിൽ രാമകൃഷ്ണൻ നായരുടെ (റിട്ട. നേവൽ ഓഫീസർ) മകനാണ് മരിച്ച മണികണ്ഠൻ. ഭാര്യ: പ്രസന്ന (അദ്ധ്യാപിക, മുണ്ടേരി ജി.വി.എച്ച്.എസ്). മക്കൾ: ഡോ. സിദ്ധാർത്ഥ്, അമൃത. മൃതദേഹം താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.