10 ലിറ്റർ ചാരായവും 520 ലിറ്റർ കോടയും കണ്ടെടുത്തു
ചാത്തന്നൂർ: ലോക്ക്ഡൗൺ കാലത്ത് വിൽപ്പന നടത്തുന്നതിനായി വീട്ടിനുള്ളിൽ ചാരായം വാറ്റിയിരുന്ന ഗൃഹനാഥൻ എക്സൈസ് സംഘത്തിന്റെ പിടിയിലായി. പള്ളിമൺ ഇലവുംമൂട് ബേബി മന്ദിരത്തിൽ സുനിൽ കുമാറാണ് (42) എക്സൈസ് ചാത്തന്നൂർ റേഞ്ച് ടീമിന്റെ പരിശോധനയിൽ പിടിയിലായത്.
പ്രതിയുടെ വീട്ടിൽ നിന്ന് പത്ത് ലിറ്റർ ചാരായവും 520 ലിറ്രർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. 100 ലിറ്ററിന്റെയും 75 ലിറ്ററിന്റെയും മൂന്ന് ബക്കറ്റുകളിലാണ് കോട തയ്യാറാക്കി സൂക്ഷിച്ചിരുന്നത്. കോടയിൽ പല്ലി, അട്ട എന്നിവയുടെ അവശിഷ്ടങ്ങളും ഉണ്ടായിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. സുനിലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രിവന്റീവ് ഓഫീസർമാരായ എസ്. നിഷാദ്, ആർ.ജി. വിനോദ്, പ്രശാന്ത് പി. മാത്യൂസ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ആർ. അനീഷ്, ഒ.എസ്. വിഷ്ണു, സൗമ്യ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.