കൊല്ലം: ലോക്ക് ഡൗൺ മൂലം പട്ടിണിയിലായവർക്ക് ഭക്ഷണമെത്തിക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ സാമൂഹിക അടുക്കളയുടെ പ്രവർത്തനം ആരംഭിക്കണമെന്ന് എൽ.ഡി.എഫ് പാർലാമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു. ജനകീയ ഹോട്ടലിനെ മാത്രം ആശ്രയിച്ച് പ്രശ്നത്തിന് പരിഹാരം കാണാനാകില്ല. സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾ നഗരസഭാതലത്തിൽ ഏകോപിപ്പിക്കണം.
സി.എഫ്.എൽ.ടി.സി ആരംഭിക്കാൻ നഗരസഭയുടെ ഭാഗത്തുനിന്ന് യാതൊരു പരിശ്രമവും നടക്കുന്നില്ല. എൽ.എൽ.എയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കുന്നില്ല. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന ഭരണസമിതിയുടെ നടപടി പ്രതിഷേധാർഹമാണ്. അടിയന്തരമായി കൗൺസിൽ വിളിക്കണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്നും യോഗം അറിയിച്ചു. പാർലമെന്ററി പാർട്ടി ലീഡർ എസ്. ശ്രീലാൽ, ബി. അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു.