കൊല്ലം: കോടതി ഉത്തരവിനെ തുടർന്ന് പിരിച്ചുവിട്ട കെ.എസ്.ആർ.ടി.സി എം പാനൽ ജീവനക്കാർ കടുത്ത ദുരിതത്തിൽ. നേരത്തെ കെ.എസ്.ആർ.ടി.സിയിൽ ജോലി ചെയ്തതിന്റെ പേരിൽ സൗജന്യ റേഷൻ അടക്കമുള്ള പല ആനുകൂല്യങ്ങളും ഇവർക്ക് നഷ്ടമാവുകയാണ്.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് താത്കാലിക ജീവനക്കാരായിട്ടും ഇവരുടെ റേഷൻ കാർഡുകൾ മുൻഗണനാവിഭാഗത്തിൽ നിന്ന് ഒഴിവാക്കി. ഏറെക്കഴിയും മുൻപ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടെങ്കിലും റേഷൻകാർഡിൽ മാറ്റം ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തടക്കം സാമ്പത്തിക പ്രയാസം നേരിടുന്നവർക്ക് അനുവദിച്ച ഒരു സഹായവും ഇവർക്ക് ലഭ്യമായില്ല. ജോലിയിൽ തുടരുമ്പോൾ യൂണിയൻകാർ നിർബന്ധപൂർവം ഇവരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തി. വർഷങ്ങളോളം വിഹിതം അടയ്ക്കുകയും ചെയ്തു. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് മറ്റെല്ലാ ക്ഷേമനിധി അംഗങ്ങൾക്കും സഹായം ലഭിച്ചു. പക്ഷേ കെ.എസ്.ആർ.ടി.സി എം പാനലുകാർക്ക് ഒരു രൂപ പോലെ കിട്ടിയില്ല.
15 വർഷം വരെ ജോലി ചെയ്തവരുണ്ട്. പലരും സ്ഥിരപ്പെടുത്തുമെന്ന പ്രതീക്ഷയിൽ മറ്റ് ജോലികൾക്കൊന്നും ശ്രമിച്ചില്ല. കെ.എസ്.ആർ.ടി.സിയുടെ അനുബന്ധമായി പുതുതായി തുടങ്ങുന്ന കെ സ്വിഫ്ട് കമ്പിനിയിൽ പിരിച്ചുവിടപ്പെട്ട എം പാനൽ ജീവനക്കാർക്ക് താത്കാലിക നിയമനം നൽകുമെന്ന് ഇടയ്ക്ക് പ്രഖ്യാപനം ഉണ്ടായിരുന്നു. പക്ഷേ കമ്പനി രൂപീകരണം ഇഴയുകയാണ്.