തൊടിയൂർ: മൂന്ന് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ തൊടിയൂർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകൾ വെള്ളത്തിനടിയിലായി. ഏഴു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പതിനെട്ടാം വാർഡിലെ 5 കുടുംബങ്ങളെ കല്ലേലിഭാഗം തൊടിയൂർ യു.പി സ്കൂളിലും 6, 10 വാർഡുകളിലെ ഓരോ കുംടുംബങ്ങളെ അതത് വാർഡിലെ അങ്കണവാടികളിലുമാണ് മാറ്റിപ്പാർപ്പിച്ചത്. അരമത്ത് മഠം ജംഗ്ഷന് വടക്ക് ഭാഗത്തെ പ്രിയദർശിനി കോളനിയിലെ പതിനഞ്ചോളം പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന വീടുകളിൽ വെള്ളംകയറി. കാറ്റിൽ മരങ്ങൾ ഒടിഞ്ഞും കടപുഴകിയും പല വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.
വാർഡംഗം തൊടിയൂർ വിജയന്റെ നേതൃത്വത്തിൽ എം.എൽ.എ ഡെസ്ക്കും യൂത്ത് കെയറും ചേർന്ന് അത്യാവശ്യ മരുന്നും ഭക്ഷ്യക്കിറ്റും വിതരണം ചെയ്തുവരുകയാണ്. ദുരിതബാധിതർക്ക് പതിനായിരം രൂപ വീതം അടിയന്തര ധനസഹായം അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. സി.ആർ. മഹേഷ് എം.എൽ.എ, പഞ്ചായത്ത് സെക്രട്ടറി ജി. രാധാകൃഷ്ണൻ,വില്ലേജ് ഓഫീസർ അരുൺ എന്നിവർ സ്ഥലം സന്ദർശിച്ചു. തൊടിയൂർ പാലത്തിന്റെ തെക്ക്, വടക്ക് ഭാഗങ്ങൾ, കോണത്ത് ഭാഗം, ആര്യൻ പാടം, കരയനാത്തിൽ ഭാഗം, വാഴാലിൽഭാഗം, വെയർഹൗസിന് പടിഞ്ഞാറുവശം, തോട്ടുകര ക്ഷേത്രത്തിന് കിഴക്കുവശം എന്നിവിടങ്ങൾ വെള്ളത്തിനടിയിലാണ്.