kottiyam-photo
ഗ്രാമപഞ്ചായത്ത് അംഗത്തോട് നാട്ടുകാർ പരാതി പറയുന്നു

കൊട്ടിയം: മയ്യനാട് പണേവയൽ മല്ലിശേരിക്കുളം ഭാഗത്ത് സാമൂഹ്യവിരുദ്ധ സംഘങ്ങളുടെ ശല്യം രൂക്ഷമാകുന്നതായി ആരോപിച്ച് പ്രദേശവാസികൾ പ്രതിഷേധവുമായി എത്തി. നാട്ടുകാർ സംഘടിച്ചതോടെ ഗ്രാമപഞ്ചായത്ത് അഗംവും കൊട്ടിയം പൊലീസും സ്ഥലത്തെത്തി.

അടുത്തിടെ പണേവയൽ ഭാഗത്തുള്ള വീടിന്റെ ഗേറ്റ് മദ്യപസംഘം തകർത്തിരുന്നു. മല്ലിശേരിക്കുളം ഭാഗത്തെ ഒരു വീട്ടിലെ സ്കൂട്ടറും നശിപ്പിക്കപ്പെട്ടു. ആലുംമൂട് ഭാഗത്ത് അന്തർ സംസ്ഥാന തൊഴിലാളികളുടെ പണവും മൊബൈൽ ഫോണും തട്ടിയെടുത്ത സംഭവവുമുണ്ടായി. വീടുകളിലെ വൈദ്യുതി ഫ്യൂസുകൾ ഊരിക്കൊണ്ടുപോകുന്നതും സ്ത്രീകളെ അസഭ്യം പറയുന്നതും പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. ശല്യം കൂടിയതോടെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.