കൊല്ലം: വെള്ളക്കെട്ട് ഒഴിവാക്കാനെന്ന പേരിൽ നഗരസഭാ അധികൃതർ സ്വകാര്യവ്യക്തിയുടെ ചുറ്റുമതിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്ത് സമീപത്തെ ഫ്ലാറ്റിലെ കക്കൂസ് മാലിന്യമടക്കം പുരയിടത്തിലൂടെ ഒഴുക്കിയതായി പരാതി. ആശ്രാമം കാവടിപ്പുറത്ത് കാലിക്കറ്റ് സർവകലാശാല മുൻ വി.സിയും ശാസ്ത്ര സാഹിത്യകാരനും പണ്ഡിതനുമായ പ്രൊഫ. ജി.കെ. ശശിധരന്റെ പുരയിടത്തിലായിരുന്നു ഇന്നലെ മേയറുടെ നേതൃത്വത്തിലെത്തിയ സംഘത്തിന്റെ അതിക്രമം. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് നഗരസഭയുടെ നടപടിയെന്ന് ശശിധരൻ ആരോപിച്ചു.
താഴ്ന്ന പ്രദേശമായ കാവടിപ്പുറത്തെ വൈദ്യ ഫ്ലാറ്റ് നിൽക്കുന്ന ഭൂമിയിലേക്കാണ് വിവിധ സ്ഥലങ്ങളിൽ നിന്ന് മഴവെള്ളം ഒഴുകിയെത്തുന്നത്. മഴക്കാലത്ത് സ്ഥിരമായി കക്കൂസ് മാലിന്യമടക്കം ശശിധരന്റെ പുരയിടത്തിലൂടെയാണ് നഗരസഭ ഒഴുക്കിവിടുന്നത്. ഇതിനെതിരെ ശശിധരൻ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് മുതൽ ഹൈക്കോടതിയെ വരെ സമീപിച്ചു. 12 വർഷത്തിലേറെ നീണ്ട നിയമയുദ്ധത്തിനൊടുവിൽ ഹൈക്കോടതി സിംഗിൾ ബഞ്ച് ഇവിടത്തെ റോഡ് ഉയർത്തി പുതിയ ഓട നിർമ്മിച്ച് തോട്ടടുത്തുള്ള അഴുക്കുചാലുമായി ബന്ധിപ്പിക്കാൻ ഉത്തരവിട്ടു. 2018ൽ സിംഗിൾ ബഞ്ച് ഉത്തരവ് കർശനമായി നടപ്പാക്കാൻ ഡിവിഷൻ ബഞ്ചും ഉത്തരവിട്ടു.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നഗരസഭ റോഡിന്റെ ഉയരം വർദ്ധിപ്പിച്ചെങ്കിലും ഓട അഴുക്കുചാലുമായി ബന്ധിപ്പിക്കാൻ തയ്യാറായില്ല. പകരം മഴവെള്ളം കെട്ടിനിറുത്താൻ മഴക്കുഴി നിർമ്മിച്ചു. ചെറുമഴ പെയ്യുമ്പോൾ തന്നെ മഴക്കുഴി നിറഞ്ഞ് ഫ്ലാറ്റിൽ വെള്ളക്കെട്ട് രൂപപ്പെടും. ഇതിന് പരിഹാരമെന്ന നിലയിൽ കഴിഞ്ഞവർഷവും മലിനജലം ശശിധരന്റെ പുരയിടത്തിലേക്ക് ഒഴുക്കിവിട്ടിരുന്നു. നിലവിൽ പുരയിടത്തിൽ കെട്ടിക്കിടക്കുന്ന കക്കൂസ് മാലിന്യം അസഹ്യമായ ദുർഗന്ധത്തിനൊപ്പം പകർച്ചാവ്യാധി ഭീഷണിയും ഉയർത്തുകയാണ്.
കുളം നികത്തിയാണ് ഫ്ലാറ്റ് നിർമ്മിച്ചത്. അവിടെ കുളം ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴത്തേത് പോലെ വെള്ളക്കെട്ട് ഉണ്ടാകുമായിരുന്നില്ല. മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മിച്ച ഫ്ലാറ്റിൽ കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റ് അടക്കം ഇല്ലാത്തത് പ്രദേശവാസികൾക്ക് ഭീഷണി ഉയർത്തുകയാണ്. പ്രശ്നപരിഹാരത്തിനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാതെ വെള്ളക്കെട്ട് ഉണ്ടാകുമ്പോൾ സ്വകാര്യ വ്യക്തികളുടെ ഭൂമി കൈയേറുന്നത് നീതിയല്ല.
പ്രൊഫ. ജി.കെ. ശശിധരൻ
ശക്തമായ മഴയെത്തുടർന്ന് വൈദ്യ ഫ്ളാറ്റിൽ വെള്ളക്കെട്ട് ഉണ്ടായി. ഫ്ളാറ്റ് നിവാസികളുടെ പരാതിയെ തുടർന്നാണ് മേയറെത്തി മതിൽ പൊളിച്ച് വെള്ളമൊഴുക്കിവിട്ടത്.
എസ്. സജിതാനന്ദ് (കൗൺസിലർ)