കൊല്ലം: ആറുവർഷത്തെ നിരന്തര ധ്യാനത്തിന് ശേഷം ഗയയിലെ ബോധിവൃക്ഷച്ചുവട്ടിൽ ജ്ഞാനോദയം നേടിയ സിദ്ധാർത്ഥൻ ബുദ്ധനായതിന്റെ ഓർമ്മ പുതുക്കാൻ ഇത്തവണയും കൊവിഡ് പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകൾ സംഘടിപ്പിച്ചു. പള്ളിമൺ സിദ്ധാർത്ഥ കാമ്പസിലെ സിദ്ധാർത്ഥ രാജകുമാരന്റെ ശില്പത്തിൻ ചുരുക്കം പേരെത്തി മൗനമായി ഹാരമണിയിച്ച് വണങ്ങി.
വൈശാഖ മാസത്തിലെ വെളുത്തവാവ്, വിശാഖ നക്ഷത്രവും പൗർണമിയും ഒത്തുചേരുന്ന ദിവസം, സിദ്ധാർത്ഥൻ ശ്രീബുദ്ധനായി പൂർണത നേടിയ ദിവസമാണ് ബുദ്ധപൂർണിമ. കപിലവസ്തുവിലെ ശുദ്ധോദന മഹാരാജാവിന്റെ മകനായി സിദ്ധാർത്ഥൻ ജനിച്ചതും വൈശാഖ പൗർണമിയിലാണെന്ന് വിശ്വാസം. ദുഃഖത്തിന് നിദാനം ആഗ്രഹമാണെന്ന മഹത്തായ ദർശനത്തിലൂടെ അനശ്വരത പ്രാപിച്ച ശ്രീബുദ്ധൻ കലിയുഗത്തിലും നമുക്ക് വഴികാട്ടിയാകുന്നു.