pic

കൊട്ടാരക്കര: അന്തമണിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി പാറക്കുളത്തിൽ തള്ളിയ കേസിൽ രണ്ടുപേരെ കൂടി പ്രതിചേർത്തു. അന്തമൺ സ്വദേശികളായ ശശി, ബാബു എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് ഇന്നലെ പ്രതിചേർത്തത്. ഇവർ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.

കലയപുരം പുത്തൂർമുക്ക് തടത്തിൽ മനുഭവനിൽ എസ്. മനുരാജാണ് (32) കൊല്ലപ്പെട്ടത്. സംഭവത്തിൽ പട്ടാഴി തെക്കേതേരി നരിക്കോട് പുത്തൻ വീട്ടിൽ പൗലോസ് (71), കലയപുരം പാറവിള വിഷ്ണു ഭവനത്തിൽ മോഹനൻ (44) എന്നിവരെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതപ്പോഴാണ് കൂടുതൽ പ്രതികളിലേക്ക് അന്വേഷണ സംഘം എത്തിയത്.

കഴിഞ്ഞ ജനുവരി രണ്ട് മുതൽ മനുരാജിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. 5ന് ഭാര്യവീടിന് സമീപത്തെ പാറക്കുളത്തിൽ നിന്ന് മനുരാജിന്റെ മൃതദേഹം കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിൽ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമാക്കിയിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടും കൊലപാതകമാണെന്ന സൂചന നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് മനുരാജിനെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.

വയനാട്ടിൽ താമസിക്കവെ വീട്ടമ്മയെ ചിരവയ്ക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് പൗലോസ്. സംഭവശേഷം നാടുവിട്ട് ഇവിടെയെത്തിയതാണ്. ഈ കേസിൽ പിടികിട്ടാപ്പുള്ളിയായി തുടരുമ്പോഴാണ് മനുരാജിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പഴയ കേസിൽ പൗലോസിനെ പിന്നീട് വയനാട് പൊലീസിന് വിട്ടുനൽകും.

മുന്നൂറ് രൂപയുടെ പേരിൽ തർക്കം,

മദ്യപാനത്തിനിടെ കൊലപാതകം

മനുരാജ്, പൗലോസ്, മോഹനൻ, ശശി, ബാബു എന്നിവർ ഒന്നിച്ചാണ് കൂലിപ്പണിക്കും മരം വെട്ടാനും പോയിരുന്നത്. ജനുവരി 2ന് രാവിലെ മുതൽ ഇവർ പൗലോസിന്റെ വീട്ടിലിരുന്ന് മദ്യപിച്ചു. സന്ധ്യയോടെ അടയ്ക്കാമരം കച്ചവടം നടത്തിയതുമായി ബന്ധപ്പെട്ട മുന്നൂറ് രൂപയെച്ചൊല്ലി തർക്കമായി.

വാക്കുതർക്കം കയ്യാങ്കളിയിലേക്ക് മാറിയതോടെ പൗലോസ് മരക്കമ്പുകൊണ്ട് മനുരാജിന്റെ തലയ്ക്കടിച്ചു. അടിയേറ്റ് കുഴഞ്ഞുവീണ മനുരാജ് നിമിഷങ്ങൾക്കകം മരിച്ചു. തുടർന്ന് പൗലോസും മോഹനനും ശശിയും ബാബുവും ചേർന്ന് മൃതദേഹം രാത്രി വൈകി പാറക്കുളത്തിൽ തള്ളുകയായിരുന്നു.

മൃതദേഹം കണ്ടെത്തിയതോടെ അങ്കലാപ്പിലായ പ്രതികൾ സംശയമുണ്ടാകാതിരിക്കാൻ പരമാവധി ശ്രമിച്ചു. പൊലീസ് അന്വേഷണം തുടങ്ങിയെന്ന സൂചന ലഭിച്ചതോടെ പൗലോസ് തന്റെ വീട് കത്തിച്ചു. തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ് വീട് കത്തിച്ചതെന്ന് സംശയം തോന്നിയ പൊലീസ് ഫോറൻസിക് ഉദ്യോഗസ്ഥരെ വരുത്തി തെളിവെടുപ്പ് നടത്തി. പിന്നീടാണ് പൗലോസിനെയും മോഹനനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

ആദ്യം കൊലപാതകമാണെന്ന് ഇരുവരും സമ്മതിച്ചില്ല. തെളിവുകൾ നിരത്തി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതമുണ്ടായത്. ഇവർക്കൊപ്പം മദ്യപിക്കാൻ പൗലോസിന്റെ വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരെക്കുറിച്ചും പൊലീസ് അന്വേിക്കുന്നുണ്ട്. കൊട്ടാരക്കര ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിലാണ് അന്വേഷണം.