acci

കൊട്ടാരക്കര: കൊട്ടരക്കരയിൽ അപകടത്തിൽ മരിച്ച മണികണ്ഠൻ മടങ്ങിയത് അമ്മയെ കാണാനുള്ള ആഗ്രഹം നിറവേറ്റാനാകാതെ. വയനാട് പനമരം ബ്ലോക്ക് കൃഷി അസി. ഡയറക്ടറായ ആർ. മണികണ്ഠൻ കഴിഞ്ഞദിവസം സഹപ്രവർത്തകനായ സുനിൽ കുമാറിനൊപ്പം വയനാട്ടിൽ നിന്ന് കൊട്ടാരക്കരയിലേയ്ക്ക് യാത്ര തിരിച്ചത് സുഹൃത്തായ സുനിൽ കുമാറിന്റെ പിതാവ് അപ്പുക്കുട്ടൻ നായരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായിരുന്നു. ഇതിനൊപ്പം അമ്മയെ കാണുകയെന്ന ആഗ്രഹവുമുണ്ടായിരുന്നു. കൊട്ടാരക്കര നീലേശ്വരത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ ശേഷം ചടങ്ങുകൾ കഴിയുന്ന മുറയ്ക്ക് അടൂർ പറക്കോടുള്ള പറയകോണത്ത് പുത്തൻവീട്ടിൽ മകൾക്കൊപ്പം താമസിക്കുന്ന അമ്മ സരസ്വതി അമ്മയെ കാണാനാണ് ആഗ്രഹിച്ചിരുന്നത്.

അതിനാലാണ് ഡിപ്പാർട്ട്മെന്റ് വാഹനം ഉപേക്ഷിച്ച് സ്വന്തം കാറിൽ യാത്രതിരിച്ചത്. മണികണ്ഠനായിരുന്നു കാർ ഡ്രൈവ് ചെയ്തിരുന്നത്. ഇഞ്ചക്കാടിന് സമീപം കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മണികണ്ഠൻ തൽക്ഷണം മരിച്ചു. സുഹൃത്തിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കാനോ അമ്മയെ കാണാനോ ആകാതെ യാത്രാമദ്ധ്യേ തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു.