കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ കൊവിഡ് ബാധിതരെ പ്രവേശിപ്പിക്കാനുള്ള ഗൃഹവാസ പരിചരണ കേന്ദ്രം കരുനാഗപ്പള്ളി ഗവ. മോഡൽ സ്‌കൂളിലെ പുതിയ ബഹുനില മന്ദിരത്തിൽ പ്രവർത്തനം ആരംഭിച്ചു. 50 രോഗികൾക്ക് കിടക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. രോഗം ബാധിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ അസൗകര്യമുള്ളവർക്കായാണ് ഗൃഹവാസ പരിചരണ കേന്ദ്രം തുടങ്ങിയത്. ഇവിടെ ഡോക്ടറുടെ സേവനം ലഭ്യമല്ല. ഭക്ഷണമുൾപ്പടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കും. രോഗം രൂക്ഷമാകുന്നവരെ നഗരസഭ ഫിഷറീസ് സ്കൂളിൽ ആരംഭിച്ച എഫ്.എൽ.ടി.സിയിലേക്കോ താലൂക്ക് ആശുപത്രിയിലേക്കോ മാറ്റും. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു സെന്റർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സുനിമോൾ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഡോ. പി. മീന, എം. ശോഭന, എൽ. ശ്രീലത, ഇന്ദുലേഖ, പടിപ്പുര ലത്തീഫ്, നഗരസഭാ എ.ഇ സിയാദ്, സൂപ്രണ്ട് മനോജ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.