കൊട്ടാരക്കര: കനത്ത മഴ കൊട്ടാരക്കരയിൽ വ്യാപകനാശംവിതച്ചു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. കൊട്ടാരക്കര പട്ടണത്തിലെ കടകളിലും വീടുകളിലും വെള്ളം കയറി ലക്ഷങ്ങളുടെ നാശം, കൃഷിയിടങ്ങളിലെല്ലാം വെള്ളം കയറി. ദിവസങ്ങളായി മഴയുണ്ടെങ്കിലും ചൊവ്വാഴ്ച രാത്രിമുതൽ തുടങ്ങിയ മഴയാണ് കൂടുതൽ ദുരിതം വിതച്ചത്. പുലമൺ തോട്ടിൽ വലിയ തോതിൽ വെള്ളം ഉയർന്നതോടെ തോടിന് സമീപത്തെ താമസക്കാരെമുഴുവൻ മാറ്റിപ്പാർപ്പിച്ചു. പുലമൺ തോടിന് സമീപത്തെ മാർത്തോമാ ജൂബിലി മന്ദിരത്തിന്റെ പരിസരമാകെ വെള്ളത്തിൽ മുങ്ങി. കൊട്ടാരക്കര രവിനഗർ മുതൽ ലോവർ കരിക്കംവരെ റോഡ് നിറയെ വെള്ളമായി. കാൽനട യാത്രയ്ക്കും ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാനും ബുദ്ധിമുട്ടായി മാറി. പുലമൺ ജംഗ്ഷനിലെ മെൻസ് ഷോപ്പ് തുണിക്കടയിൽ വെള്ളം കയറി കമ്പ്യൂട്ടറും തുണിത്തരങ്ങളും നശിച്ചു. ഇവിടെ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. തൊട്ടടുത്ത മൂന്ന് കടകളിലും വെള്ളം കയറി സാധനങ്ങൾ നശിച്ചു. പുലമൺ ഗോവിന്ദമംഗലം റോഡിൽ വെള്ളംകയറിയതോടെ ഗതാഗതം നിലച്ചു. പുലമൺ തോടിന് സമീപം കുന്നക്കരയിലെ അഞ്ച് വീടുകളിൽ വെള്ളം കയറി. ഇവിടെയുള്ളവരെ നേരത്തെ ഒഴിപ്പിച്ച് മാറ്റിപ്പാർപ്പിച്ചിരുന്നു. കുന്നക്കരക്ക് സമീപം മണ്ണിടിഞ്ഞ സ്ഥലത്തെ മരങ്ങൾ ഫയർ ഫോഴ്സ് എത്തി വെട്ടി മാറ്റി. പുലമൺ മർത്തോമ ജൂബിലി മന്ദിരത്തിൽ വെള്ളംകയറി പാർക്കിംഗ് ഗ്രൗണ്ട് മുങ്ങി. പുലമൺ, അടൂർ റോഡിൽ പാർക്കിംഗ് ഗ്രൗണ്ടിനു സമീപം ഉയർന്ന വസ്തുവിൽ അപകട ഭീഷണിയായി നിന്ന മരങ്ങൾ ഫയർഫോഴ്സ് മുറിച്ചുമാറ്റി. നെടുവത്തൂർ പുല്ലാമലയിൽ ഏലായും പരിസര പ്രദേശങ്ങളും വെള്ളം കയറി. തോട് കരകവിഞ്ഞൊഴുകിയാണ് ഏലായിൽ വെള്ളം നിറഞ്ഞത്. പവിത്രേശ്വരം പഞ്ചായത്തിലും താഴ്ന്ന പ്രദേശങ്ങളിൽ വ്യാപകമായി വെള്ളം കയറിയിട്ടുണ്ട്.